സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളിന് ശേഷം ഏറ്റവും വലിയ മേളയാണ് ഖത്തറിൽ വരാൻ പോകുന്നത്. ഖത്തര്‍ ഒരുക്കുന്ന ആദ്യ അന്താരാഷ്ട്ര ഇവെന്റ് ആയ ദോഹ എക്സ്പോ 2023. ഇതിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഖത്തർ ടൂറിസം ആപ്ലിക്കേഷനായ വിസിറ്റ് ഖത്തറിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെയാണ് ദോഹ എക്സ്പോ നടക്കുന്നത്. സന്ദർശകർക്കായി ഹയാ കാർഡ് ഓപ്ഷൻ നിലവിൽ വരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നു. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സെപ്തംബര്‍ പകുതിയോടെ പ്രവേശനം നല്കാന് ഒരുക്കങ്ങള്‍ നടക്കുകയാണ്.
എക്സ്പോയുമായി ബന്ധപ്പെട്ട ഹയാ കാർഡ് ഉപയോഗിച്ചുള്ള പ്രവേശന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൂരി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഖത്തർ ടൂറിസവുമായി സഹകരിച്ചായിരിക്കും ഹയാ കാർഡ് എൻട്രി സംവിധാനം നടപ്പിലാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, ഷോപ്പിങ് സ്പോട്ടുകൾ, ഭക്ഷണ കേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പാചകവൈവിധ്യങ്ങൾ, മ്യൂസിയം, ബീച്ചുകൾ, സാഹസികത ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഒരു ദിവസം മുതൽ ആറു ദിവസം വരെ നീണ്ടുനിൽക്കുന്ന പല തരത്തിലുള്ള യാത്ര പദ്ധതികൾ ആണ് വിസിറ്റ് ഖത്തർ പുറത്തുവിട്ടിരിക്കുന്നത്.
ആറു മാസമാണ് എക്സ്പോ നീണ്ടുനിൽക്കുന്നത്. എക്സ്പോയിൽ 80 രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കും. 30 ലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ ഇവിടെ പ്രതീക്ഷിക്കുന്നത്. 2022 ഖത്തർ ലോകകപ്പിനാണ് ഹയാ കാർഡ് ആദ്യമായി ഖത്തർ പുറത്തിറക്കിയിരിക്കുന്നത്. അറബ് കപ്പിൽ പരീക്ഷണാർഥം നടപ്പാക്കി. ഇതിന് ശേഷമാണ് ഖത്തർ ലോകകപ്പിൽ ഹയാ കാർഡ് പുറത്തിറക്കിയിരിക്കുന്നത്.
ലോകകപ്പ് അവസാനിച്ചെങ്കിലും രാജ്യത്തിന് പുറത്തുനിന്നുള്ള ഹയാ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം. ഇതിന്റെ വാലിഡിറ്റി ഖത്തർ ആഭ്യന്തര മന്ത്രാലയം ദീർഘിപ്പിച്ചിരുന്നു. ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതോടൊപ്പം പൊതുഗതാഗതമാർഗങ്ങളായ ദോഹ മെട്രോ, ബസ് സേവനങ്ങളിലേക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു.
കതാറ കൾചറൽ വില്ലേജ്, അൽ സുബാറ ആർക്കിയോളജിക്കൽ സൈറ്റ്, അൽ ഷീഹാനിയ ഒട്ടകയോട്ട ട്രാക്ക്, ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയം എന്നിവ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നുണ്ട്. ഖത്തർ നാഷനൽ മ്യൂസിയം, ദോഹ കോർണിഷ്, ഇസ്ലാമിക് ആർട്ട് മ്യൂസിയം, മ്യൂസിയം ഓഫ് ഇല്യൂഷൻസ്, സൂഖ് വാഖിഫ്, ഖത്തറിലെ പ്രമുഖ മാളുകൾ എന്നിവയും യാത്രാ പാക്കേജുകളിൽ ഉൾപ്പെടും. താമസപാക്കേജുകളിൽ രാജ്യത്തുടനീളമുള്ള ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല