സ്വന്തം ലേഖകൻ: രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോയ്ക്ക് (ദോഹ എക്‌സ്‌പോ-2023) ആതിഥേയത്വം വഹിക്കാൻ രാജ്യം പൂർണ സജ്ജം. എക്‌സ്‌പോ വേദിയിലേക്ക് സെപ്റ്റംബർ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ദോഹ കോർണിഷിലെ അൽ ബിദ പാർക്കാണ് എക്‌സ്‌പോ വേദി. ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി.
ഉദ്ഘാടനത്തിന് ഒരു മാസം മുൻപേ സെപ്റ്റംബർ മുതൽ സന്ദർശകർക്ക് വേദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ദോഹ എക്‌സ്‌പോ സെക്രട്ടറി ജനറൽ എൻജിനീയർ മുഹമ്മദ് അലി അൽ ഖൗരി വ്യക്തമാക്കി.
എക്‌സ്‌പോ ഒരുക്കം വിലയിരുത്താനെത്തിയ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പൊസിഷൻസ് (ബിഐഇ) അധികൃതരുടെ സന്ദർശനത്തോടനുബന്ധിച്ച് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പുരോഗതികൾ അറിയിച്ചത്. ഒക്‌ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ.
30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ നടക്കുന്നത്. അൻപതിലധികം രാജ്യങ്ങൾ ഇതിനകം പങ്കാളിത്തം സ്ഥിരീകരിച്ചു. രാജ്യാന്തരം, സാംസ്‌കാരികം, കുടുംബം എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് എക്‌സ്‌പോ. രാജ്യാന്തര, പ്രാദേശിക, മേഖലാ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ രാജ്യാന്തര പൂന്തോട്ടങ്ങളും അവയുടെ പ്രദർശനങ്ങളും കൂടാതെ ദിവസേന വിനോദപരിപാടികളും സാംസ്‌കാരിക, പരമ്പരാഗത പരിപാടികളും ഉണ്ടാകും.
ആധുനിക കൃഷി, സാങ്കേതിക വിദ്യയും പുതുമയും, പരിസ്ഥിതി ബോധവത്കരണം, സുസ്ഥിരത എന്നീ പ്രമേയങ്ങളിലാണ് പ്രദർശനങ്ങൾ. ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സൗഹൃദ ഹരിത സമ്പദ് വ്യവസ്ഥ, സുസ്ഥിര ജീവിതശൈലി, വിദ്യാഭ്യാസം, പുതുമ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെ അഭിസംബോധന ചെയ്യാനും എക്സ്പോ വേദിയൊരുക്കും. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുന്ന സാങ്കേതിക വിദ്യകളും പദ്ധതികളും എക്‌സ്‌പോയിൽ അവതരിപ്പിക്കും.
പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തൻ പരിഹാരങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും കൃഷിക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം മരുഭൂവത്കരണത്തിനെതിരെ പോരാടാൻ ലോകജനതയെ ഒരുമിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല