സ്വന്തം ലേഖകൻ: ദോഹയിൽനിന്നും ജിദ്ദയിലേക്കും തിരികെയുമുള്ള യാത്രക്കാർക്ക് 15 കിലോ അധിക ബാഗേജ് വഹിക്കാൻ അനുവദിച്ച് ഖത്തർ എയർവേസ്. റമദാനിൽ ഉംറ തീർഥാടനത്തിരക്ക് കൂടി കണക്കിലെടുത്താണ് മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ ഓരോ യാത്രക്കാരനും അനുവദിച്ച ബാഗേജിനൊപ്പം 15 കിലോ അധികം വഹിക്കാൻ അനുവാദം നൽകുന്നത്.
വിശുദ്ധ മാസത്തിൽ ഖത്തറിൽനിന്നും സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജിദ്ദയിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇവർക്ക്, അധിക ചാർജില്ലാതെ കൂടുതൽ ബാഗേജ് അനുവദിക്കുന്നതു വഴി യാത്ര കൂടുതൽ ആകർഷകമായി മാറും. നിലവിൽ സൗദിയിലെ 10 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് ദോഹയിൽനിന്നും സർവിസ് നടത്തുന്നത്.
അതേസമയം ഏഷ്യൻ കപ്പ് ഫുട്ബാളിന് സാക്ഷ്യംവഹിച്ച ഫെബ്രുവരി മാസത്തിൽ ഖത്തറിലേക്കുള്ള വിമാനങ്ങളുടെയും യാത്രികരുടെയും എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി.
2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വിമാന സഞ്ചാരത്തിൽ 30.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം 22,736 ആണ്. മുൻവർഷം ഇത് 17,479 ആയിരുന്നു. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 34.9 ശതമാനമാണ് വർധനയുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല