
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുമായി ഗോ ഫസ്റ്റ് എയർ. ആഗസ്റ്റ് അഞ്ചിന് സർവീസ് തുടങ്ങുമെന്ന് ബജറ്റ് എയർലൈൻസായ ഗോ ഫസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.
കൊച്ചിയിൽനിന്ന് അഞ്ചിന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം, 9.30ന് ദോഹയിലെത്തും. ദോഹയിൽനിന്ന് അതേദിവസം രാത്രി 10.30നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 5.30ന് കൊച്ചിയിലുമെത്തും. ആഗസ്റ്റ് ആറു മുതൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് കണ്ണൂർ-ദോഹ സർവീസ്. വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം, രാത്രി 9.30ന് ദോഹയിലെത്തും. തിരികെ, രാത്രി 10.30ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ച 5.15ന് കണ്ണൂലിരുമെത്തും.
ഇന്ത്യക്കും ഖത്തറിനുമിടയിൽ യാത്രക്കാർ കൂടിയതോടെ കൂടുതൽ വിമാനക്കമ്പനികളാണ് സർവീസ് നടത്താൻ രംഗത്തെത്തിയത്. നിലവിൽ ഖത്തർ-ഇന്ത്യ വ്യോമയാന മന്ത്രാലയത്തിൻെറ എയർ ബബ്ൾ കരാർ അടിസ്ഥാനത്തിൽ ഇൻഡിഗോ, എയർ ഇന്ത്യ, ഖത്തർ എയർവേസ് എന്നിവയാണ് സർവീസ് നടത്തുന്നത്. സ്പൈസ് ജെറ്റും ആഗസ്റ്റിൽ സർവീസ് നടത്താനുള്ള ഒരുക്കത്തിലാണ്.
എയർ ഇന്ത്യ ഇയാഴ്ചതന്നെ കൂടുതൽ റൂട്ടിലേക്ക് സർവീസ് ആരംഭിക്കുന്നുണ്ട്. ജൂലൈ 12ന് ക്വാറൻറീൻ ഒഴിവാക്കിയതോടെയാണ് ഇന്ത്യ- ഖത്തർ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. എന്നാൽ, കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഇന്നു മുതൽ വീണ്ടും ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്. പുതിയ സർവീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഗോ ഫസ്റ്റ് ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു. ഗോ എയർ ആണ് ഗോ ഫസ്റ്റായി പേരുമാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല