സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് നോണ്‍സ്റ്റോപ്പ് വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ നോണ്‍സ്റ്റോപ്പ് സര്‍വീസ് ഉള്‍പ്പെടുത്തിയത്.
വരുന്ന ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുക. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്കും സര്‍വീസുണ്ടാവും.
മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസുകള്‍ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവും. ഖത്തര്‍ എയര്‍വേയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്ക് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുണ്ട്.
എന്നാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് പലര്‍ക്കും താങ്ങാവുന്നതിനപ്പുറമാണ്. ഫെസ്റ്റിവല്‍ സീസണുകളിലും സ്‌കൂള്‍ അവധിക്കാലങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരക്ക് ഉയര്‍ത്തി ചൂഷണം നടത്തുകയാണെന്ന് പ്രവാസികള്‍ പരാതിപ്പെടുന്നു.
ഖത്തര്‍ എയര്‍വേയ്‌സിന് ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലായതിനാല്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ക്കാണ് ഖത്തറിലെ മലയാളി പ്രവാസികള്‍ ആദ്യ പരിഗണന നല്‍കുന്നത്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് ദോഹയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ കിട്ടാനുണ്ട്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വിമാന യാത്ര.
ദോഹയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ കുറവാണ്. കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ എത്തുമ്പോള്‍ ആറ് മണിക്കൂര്‍ വരെ അധിക സമയം യാത്രക്കായി ചെലവഴിക്കേണ്ടിവരും. അബുദാബി, ഷാര്‍ജ വഴിയാണ് മിക്ക വിമാനങ്ങളും. ദോഹയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസില്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല