സ്വന്തം ലേഖകന്‍: ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് അയവു വരുത്തി ദോക്ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാപിന്‍മാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്.
അതേസമയം ദോക്ലാമില്‍ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കി. മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചുവെന്ന വാര്‍ത്ത തള്ളിയാണ് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ദോക് ലാമില്‍ നിന്ന് പിന്‍മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിക്ട് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം ചൈനയില്‍ എത്താനിരിക്കെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയെന്നായിരുന്നു വാര്‍ത്തകള്‍. സൈന്യത്തെ പിന്‍വലിക്കാനുള്ള ധാരണ ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമാമായും വ്യാഖ്യാനിക്കപ്പെട്ടു. മേഖലയിലെ റോഡ് നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് ചൈനീസ് അധികൃതര്‍ തള്ളിക്കളിഞ്ഞിട്ടില്ല.
ഇക്കാര്യം സംബന്ധിച്ച് പ്രദേശത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിംഗ് പറഞ്ഞു. ഭൂട്ടാന്റെ പ്രദേശം തങ്ങളുടേതാണ് എന്നവകാശപ്പെട്ട് ചൈന റോഡ് നിര്‍മ്മാണം ആരംഭിച്ചതാണ് ദൊക്‌ലാം സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇക്കഴിഞ്ഞ, ജൂണ്‍ 16നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ദോക് ലാം മേഖലയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ചൈന അതിര്‍ത്തി അടക്കുകയായിരുന്നു. എന്നാല്‍ ചൈന അതിര്‍ത്തി കടന്നു എന്നാരോപിച്ച് ഇന്ത്യന്‍ സൈന്യവും സൈനീക വിന്യാസം വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ദോക് ലാമില്‍ ഇരു സൈന്യങ്ങളും മുഖാമുഖം തുടര്‍ന്നത്, ഇന്ത്യചൈന ഉഭയകക്ഷി ബന്ധത്തെപ്പോലും ബാധിക്കുന്ന തരത്തിലെത്തിയിരുന്നു. അതിര്‍ത്തിയില്‍ യുദ്ധ ഭീതി പരക്കാനും സൈനിക വിന്യാസം കാരണമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല