സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും തീരുവ ചുമത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ വന്‍ താരിഫ് ചുമത്തിയതിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളേയും ട്രംപ് ലക്ഷ്യമിടുന്നത്. ട്രംപ് താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയതോടെ ആഗോള വ്യാപാര യുദ്ധത്തിന് സാധ്യത ഏറുകയാണ്. യുഎസിനെതിരെ തിരിച്ചടിക്കാന്‍ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
27 രാജ്യങ്ങള്‍ അടങ്ങുന്ന യൂണിയന് താരിഫ് പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘ഞാന്‍ യൂറോപ്യന്‍ യൂണിയനില്‍ താരിഫ് ചുമത്താന്‍ പോകുകയാണോ? നിങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരമോ രാഷ്ട്രീയ ഉത്തരമോ വേണോ? തീര്‍ച്ചയായും എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. യൂറോപ്യൻ യൂണിയൻ തങ്ങളോട് മോശമായാണ് പെരുമാറിയതെന്നും ട്രംപ് ആരോപിച്ചു.
2018-ല്‍ വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമില്‍ യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം കയറ്റുമതിയില്‍ ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പകരമായി യുഎസ് നിര്‍മിത ഇത് വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും താരിഫ് ഏര്‍പ്പെടുത്തി തിരിച്ചടിച്ചു.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനമാണ് നികുതി ചുമത്തുക.
ട്രംപിന്റെ നടപടിക്ക് പ്രതികാരമായി 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്ക് തങ്ങളുടെ രാജ്യം താരിഫ് ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പറഞ്ഞു.
‘അനുയോജ്യമായ പ്രതിരോധ നടപടികള്‍’ ഏര്‍പ്പെടുത്തുമെന്ന് ചൈനയും പ്രതിജ്ഞയെടുത്തു. വ്യാപാര യുദ്ധങ്ങള്‍ക്ക് വിജയികളില്ലെന്നും ചൈന പ്രതികരിച്ചു. ഡബ്ല്യുടിഒ നിയമങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നു എന്ന് വാദിച്ച് താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ചൈന പറഞ്ഞു.
അതേസമയം, ട്രംപിന്റെ താരിഫ് ചുമത്തല്‍ അടക്കം വ്യാപാര നിയന്ത്രണത്താല്‍ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം തിങ്കളാഴ്ച രാവിലെ വന്‍ വീഴ്ചയോടെയാണ് ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 77,000ന് താഴെ പോയപ്പോള്‍ നിഫ്റ്റി50 23,250ന് അടുത്താണ്. രാവിലെ 9:16 ന് ബിഎസ്ഇ സെന്‍സെക്സ് 663 പോയിന്റ് അഥവാ 0.86 ശതമാനം ഇടിഞ്ഞ് 76,843.16 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 50 216 പോയിന്റ് അഥവാ 0.92 ശതമാനം ഇടിഞ്ഞ് 23,266.05 ലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല