സ്വന്തം ലേഖകൻ: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന് ചൊവ്വാഴ്ച രാവിലെ ഒരു റിയാലിന് 219 രൂപ എന്ന സർവകാല റെക്കോർഡിലെത്തി. എന്നാൽ വൈകുന്നേരത്തോടെ റിയാലിന് 218.90 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്.
218.90 മായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ് നിരക്ക്. എന്നാൽ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 219 രൂപക്ക് മുകളിലായിരുന്നു കാണിച്ചിരുന്നത്. ഇന്ത്യൻ രൂപയുടെ വില ഇടിവ് സർവകാല റെക്കോർഡിലെത്തിയതാണ് ഒമാനി റിയാലിന്റെ മൂല്യം വർധിക്കാൻ കാരണമായത്.
അതിനിടെ ഇന്ത്യൻ ഓഹരി വിപണിയും വൻ ഇടിവാണ് നേരിടുന്നത്. ഓഹരി വിപണിയിലെ ഇടിവ് കാരണം നിക്ഷേപകർക്ക് 5.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഓഹരി വിപണി 800 പോയന്റാണ് തകർച്ച കാണിച്ചത്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിഷ്യനൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം വൻ തോതിൽ പിൻവലിച്ചതാണ് വിപണിയെ ബാധിച്ചത്.
ഇത് മൂലം വൻതോതിൽ നിക്ഷേപമാണ് ഇന്ത്യയിൽനിന്ന് പുറത്തേക്ക് ഒഴുകുന്നത്. മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ നാണയങ്ങളുടെ മൂല്യം 0.1 ശതമാനം മുതൽ 0.4 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ രൂപക്ക് തകർച്ചയൊന്നും സംഭവിക്കില്ലെന്ന് ഇന്ത്യൻ റിസർവ് ബാങ്ക് ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും രൂപയുടെ തകർച്ച തുടരുകയാണ്. ഇന്ത്യയുടെ വിദേശ നാണയ നിക്ഷേപത്തിനും ഇടിവ് വന്നിട്ടുണ്ട്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നതാണ് അമേരിക്കൻ ഡോളർ ശക്തമാവാൻ പ്രധാന കാരണം.
മറ്റ് രാജ്യങ്ങളുടെ കറൻസികളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളർ ഇന്റക്സ് 105 പോയന്റിലെത്തി. ഇതോടെ നിരവധി ഏഷ്യൻ രാജ്യങ്ങളുടെ കറൻസിക്കാണ് ഇടിവ് പറ്റിയത്. ഇന്ത്യയും ഇതിൽ ഉൾപ്പെടും. വിനിമയനിരക്ക് ഒരു റിയാലിന് 219 രൂപക്കടുത്തെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല.
ഉയർന്ന നിരക്ക് കിട്ടിയിട്ടും പലരും വലിയ സംഖ്യകൾ നാട്ടിൽ അയക്കാൻ മടിക്കുകയാണ്. ഇതിലും ഉയർന്ന നിരക്കിനായി കാത്തിരിക്കുകയാണ് പണം കരുതിവെച്ച പലരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല