സ്വന്തം ലേഖകൻ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്നു മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ് വീഴ്ച. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപം (എഫ്ഐഐ നിക്ഷേപം) വൻതോതിൽ കൊഴിയുന്നതും യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിനു പിന്നാലെ ഡോളർ കരുത്താർജിച്ചതുമാണു തിരിച്ചടി.
ഡോളറിനെതിരെയും യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ സന്തോഷത്തിൽ. ഏതാനും മാസംമുമ്പുവരെ ഒരു ഡോളർ നാട്ടിലേക്ക് അയച്ചാൽ 83 രൂപയോളമാണു കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 84.38 രൂപ കിട്ടും. നേരത്തേ ഒരു യുഎഇ ദിർഹം നാട്ടിലേക്ക് അയച്ചാൽ 22 രൂപയോളമാണ് കിട്ടിയിരുന്നെങ്കിൽ ഇന്നത് 22.99 രൂപയെന്ന റെക്കോർഡാണ്. യുഎഇ ദിർഹം, സൗദി റിയാൽ തുടങ്ങിയ ഗൾഫ് കറൻസികളുടെ അടിസ്ഥാനം യുഎസ് ഡോളർ തന്നെയാണെന്നതിനാൽ, ഡോളർ കുതിക്കുമ്പോൾ ഈ കറൻസികളുടെ മൂല്യവും ആനുപാതികമായി ഉയരും.
ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നേരത്തേ ഒന്നാംസ്ഥാനത്തായിരുന്നെങ്കിലും അടുത്തിടെ, മഹാരാഷ്ട്ര കേരളത്തെ മറികടന്നിരുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസിപ്പണത്തിന്റെ ഏകദേശം 10 ശതമാനമാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം (ഫോറിൻ റെമിറ്റൻസ്) നേടുന്ന രാജ്യമാണ് ഇന്ത്യ. ലോകബാങ്കിന്റെ കണക്കുപ്രകാരം 2003ൽ റെക്കോർഡ് 12,500 കോടി ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയത്.
രൂപയുടെ വീഴ്ച ഇന്ത്യക്ക് ഒരേസമയം നേട്ടവും കോട്ടവുമാണ്. രൂപ ദുർബലമാകുന്നതോടെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു കൂടുതൽ പണം കണ്ടെത്തേണ്ടി വരും. മറ്റൊന്ന് വിദേശയാത്ര, വിദേശപഠനം എന്നിവയ്ക്കു കൂടുതൽ പണം കണ്ടെത്തേണ്ടി വരുമെന്നതാണ്. ഇതു വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര തീരുമാനിച്ചവർക്കും തിരിച്ചടിയാണ്. അതേസമയം, കയറ്റുമതി രംഗത്തുള്ളവർക്കു രൂപയുടെ വീഴ്ച നേട്ടമാകും. കയറ്റുമതിയിലൂടെ കൂടുതൽ വിദേശനാണ്യ വരുമാനം നേടാമെന്നതാണു നേട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല