1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2024

സ്വന്തം ലേഖകൻ: ഡോളറുമായുള്ള വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതോടെ ഗൾഫ് കറൻസികൾക്ക് നേട്ടം. വ്യാഴാഴ്ച യു.എ.ഇ. ദിർഹം രൂപയ്ക്കെതിരേ 22.85 എന്ന ഉയർന്നനിലയിലെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഏകദേശം ഇതേനിരക്കിലാണ് മുന്നേറ്റം.

ചരിത്രത്തിലെത്തന്നെ മികച്ചനിരക്കാണിത്. 22.70 മുതൽ 22.75 രൂപവരെയാണ് വ്യാഴാഴ്ച വിവിധ മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ ഒരുദിർഹത്തിന് നൽകിയ നിരക്ക്. ഓൺലൈൻ വഴിയുള്ള പണമിടപാടിനാണ് ഈനിരക്ക്. എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുമ്പോൾ നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം.

അതേസമയം, കോളിങ് ആപ്പായ ബോട്ടിംവഴി പണമയക്കുമ്പോൾ മറ്റ് ഫീസുകളൊന്നും ഈടാക്കാതെ ഒരുദിർഹത്തിന് 22.85 രൂപതന്നെ ലഭിക്കും. നാട്ടിലേക്ക് 1000 ദിർഹം അയക്കുമ്പോൾ 22,850 രൂപ ലഭിക്കുമെന്നർഥം. രൂപയുടെ മൂല്യം ഈമാസം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ രൂപ മൂല്യത്തകർച്ചനേരിടുന്ന സാഹചര്യത്തെ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

അടുത്തിടെയായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിച്ചു. രൂപയുടെമൂല്യം റെക്കോഡ് താഴ്ചയിലേക്കും സ്വർണവില റെക്കോഡ് ഉയർച്ചയിലേക്കും നീങ്ങുന്നതാണ് നിലവിലുള്ള സാഹചര്യം. ആർ.ബി.ഐ. ശക്തമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും വലിയതകർച്ചയെ അഭിമുഖീകരിക്കേണ്ടിവരും.

യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ എണ്ണവിലയിലെ ചാഞ്ചാട്ടം സാധാരണപ്രവാസികളുടെ ദൈനംദിനജീവിതത്തെ ബാധിക്കുന്നുണ്ട്. വരുമാനം കുറയുന്നതും ചെലവ് വർധിക്കുന്നതുമാണ് പ്രവാസികൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.