സ്വന്തം ലേഖകൻ: ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടിരിക്കുകയാണ്. യു എസ് ട്രഷറി വരുമാനം വര്‍ധിച്ചത് ആണ് രൂപക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് നിരക്കായ 83.02 ലാണ് ഇന്ന് രൂപ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് 66 പൈസയുടെ നഷ്ടമാണ് ഉണ്ടായത്.
ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന കാരണം ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി. കഴിഞ്ഞ ദിവസം 82.36 രൂപയില്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. 82.40 രൂപയില്‍ ഇന്ത്യന്‍ കറന്‍സിയെ സംരക്ഷിച്ച് നിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമം വിഫലമായി. ആര് ബി ഐയുടെ ഇടപെടലുകള്‍ കുറഞ്ഞതോടെ ആണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായത് എന്നാണ് സൂചന.
അതിനിടെ യു എസ് മാര്‍ക്കറ്റില്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു. ഇതിനൊപ്പം ഡോളര്‍ ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ രൂപ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഈ വര്‍ഷം യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 83 ല്‍ എത്തിയിരിക്കുന്നത്.
രൂപയെ സംരക്ഷിക്കാന്‍ ആര് ബി ഐയുടെ കൈവശം വിദേശനാണ്യ ശേഖരം ആവശ്യത്തിനില്ല. ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട് എന്നാണ് ആര് ബി ഐ കണക്കുകള്‍ പറയുന്നത്. യു എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നിരിക്കെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ രൂപ വീണ്ടും ഇടിഞ്ഞേക്കാം.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല