സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ചെന്ന ആരോപണത്തില്‍ ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതി പുലിവാലു പിടിക്കുന്നു. ഭാര്യയുമായി ചേര്‍ന്ന് വീട്ടുജോലിക്കാരനെ അടിമപ്പണി ചെയ്യിച്ച് മാനസീകമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ന്യൂസിലന്റിലെ ഇന്ത്യന്‍ സ്ഥാനപതിയായ രവി ഥാപ്പര്‍ക്കെതിരെയുള്ള പരാതി.
ആരോപണം വാര്‍ത്തയായതിനെ തുടര്‍ന്ന് ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഥാപ്പറും ഭാര്യ ശര്‍മ്മിളാ ഥാപ്പറും. രവി ഥാപ്പറിന്റെ പാചകക്കാരനെന്ന് കരുതുന്നയാളെ മെയ് ആദ്യം വെല്ലിംഗ്ടണ്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയതാണ് സംഭവം പുറത്തുവരാന്‍ ഇടയാക്കിയത്.
ഇയാളെ രവിഥാപ്പറും ഭാര്യയും ചേര്‍ന്ന് ദീര്‍ഘകാലമായി അടിമപ്പണി ചെയ്യിക്കുകയായിരുന്നെന്നും ശര്‍മ്മിളാ അമിതമായി പണി ചെയ്യിക്കുകയും വിവിധ രീതിയില്‍ പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ രവി ഥാപ്പര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് ആരോപണം.
അലഞ്ഞുതിരിഞ്ഞു നടന്ന ജോലിക്കാരനെ മെയ് ആദ്യം വില്ലിംഗ്ടണ്‍ പോലീസ് കണ്ടെത്തുമ്പോള്‍ ഹൈക്കമ്മീഷണറുടെ വീട്ടില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ അകലെയായിരുന്നു ഇയാള്‍.
അതേസമയം ഇരുവര്‍ക്കുമെതിരേ പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശര്‍മ്മിളയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ ശര്‍മ്മിള ഥാപ്പര്‍ തയ്യാറായില്ല. എങ്കിലും ന്യൂസിലന്റ് വിദേശകാര്യ മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഇദ്ദേഹം രാജ്യം വിടുകയാണെന്ന് ന്യൂസിലന്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ അമേരിക്കന്‍ സ്ഥാനപതിയായിരിക്കെ ദേവയാനി ഖോബ്രഗെഡെ നേരിട്ടതിന് സമാനമായ ആരോപണമാണ് ഥാപര്‍ നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല