സ്വന്തം ലേഖകൻ: ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി. അടുത്തിടെ യുഎഇയിൽ പെയ്ത ശക്തമായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ച സാഹചര്യത്തിലാണ് ഈ സേവനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും പലരുടെയും വീടുകളിൽ നിന്ന് അവ നീക്കം ചെയ്യേണ്ടതുമായ സാഹചര്യമാണ് സേവനം വ്യാപകമാക്കാൻ കാരണം.
പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ദുബായ് എമിറേറ്റിൽ ശുചിത്വം നിലനിർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം. ദുബായിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും സേവനം ലഭ്യമാണ്. ദ് പാം, ഡിസ്‌കവറി ഗാർഡൻസ് തുടങ്ങിയ ചില പ്രദേശങ്ങൾ ഒഴികെ എല്ലായിടത്തും സൗജന്യമായി വസ്തുക്കൾ നീക്കം ചെയ്യൽ സേവനം ലഭിക്കും. ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ അവരെ വിളിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
വീട്ടുപകരണങ്ങൾ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് മാലിന്യങ്ങൾ എന്നിവ പോലുള്ള ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം എടുത്തുകൊണ്ടുപോകും. ഇതിനായി ദുബായ് മുനിസിപ്പലിറ്റിയുടെ വാട്ട്‌സ്ആപ്പ് ചാനൽ വഴി വേസ്റ്റ് മാനേജ്‌മെന്‍റ് ഡിപ്പാർട്ട്‌മെൻന്‍റിനോട് അഭ്യർഥിക്കാം.
പഴയ ഫർണിച്ചറുകൾ (സോഫകൾ, മെത്തകൾ, മേശകൾ പോലുള്ളവ), വലിയ വീട്ടുപകരണങ്ങൾ (റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, വാട്ടർ ഹീറ്ററുകൾ പോലുള്ളവ), ഇലക്ട്രോണിക് മാലിന്യങ്ങൾ (ടെലിവിഷനുകളും കംപ്യൂട്ടറുകളും പോലുള്ളവ) എന്നിവ ബൾക്ക് വേസ്റ്റ് അഥവാ മാലിന്യ കൂമ്പാരമായി കണക്കാക്കുന്നു. ബൾക്ക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുന്നത് പരിസ്ഥിതി മലിനീകരണം തടയുന്നതിനും സമൂഹങ്ങളിൽ ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
വാട്ട്‌സ്ആപ്പ് 800900(+971800900) വഴിയാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിച്ച തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ ബൾക്ക് മാലിന്യ ശേഖരണത്തിനായി ഒരു അപ്പോയിൻമെൻറ് ഷെഡ്യൂൾ ചെയ്യാൻ ദുബായ് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനിൽ നിന്ന് ഫോൺ കോൾ ലഭിക്കും. ബൾക്ക് മാലിന്യ ശേഖരണം പൂർത്തിയായ ശേഷം എസ് എംഎസ് സന്ദേശവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ദുബായ്
മുനിസിപ്പാലിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല