സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ അവരെയെല്ലാം നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് സൗദി മനുഷ്യവിഭവ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് അതോറിറ്റിയും നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഗാര്‍ഹിക തൊഴിലാളിയുടെ ആരോഗ്യ സ്ഥിതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ ഡിസ്‌ക്ലോഷര്‍ ഫോം സമര്‍പ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഭാഗമാവാം. തൊഴിലുടമയ്ക്കു കീഴിലുള്ള എല്ലാ വീട്ടുജോലിക്കാരെയും പദ്ധതിയുടെ ഭാഗമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
എല്ലാ ഗുണഭോക്താക്കള്‍ക്കും സമഗ്രമായ ആരോഗ്യ പരിരക്ഷയും രോഗപ്രതിരോധവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെയും ആരോഗ്യ സേവന ദാതാക്കളെയും ഉത്തേജിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
മാത്രമല്ല, സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇനി മുതല്‍ പണമായി നേരിട്ട് നല്‍കാനാവില്ല. പകരം അത് ഡിജിറ്റല്‍ വാലറ്റിലേക്ക് ബാങ്ക് വഴി നല്‍കണം. പുതിയ നിയമം ഇന്നലെ ജൂലൈ ഒന്നു മുതല്‍ നിലവില്‍ വന്നു. നാലോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകള്‍ക്കാണ് ഈ നിയമം ബാധകം. അവരുടെ ശമ്പളം ഗാര്‍ഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി ഡിജിറ്റല്‍ വാലറ്റുകളിലേക്ക് മാത്രമേ നല്‍കാവൂ എന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല