സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വീസയിലേക്ക് മാറാന്‍ അവസരം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹാണ് ഇത് സംബന്ധമായ തീരുമാനം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് ഈ വീസ ട്രാന്‍സ്ഫര്‍ അനുമതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു.
നിലവില്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ വീസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് വിലക്കുണ്ട്. തൊഴില്‍ വിപണിയിലെ ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരുന്ന മുറയ്ക്ക് തീരുമാനം പുനപ്പരിശോധിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെ വീട്ടുജോലിക്കാര്‍ക്ക് തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ തൊഴിലുടമയില്‍ നിന്നുള്ള അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഗാര്‍ഹിക വീസ സ്വകാര്യ മേഖലയിലേക്ക് മാറ്റുവാന്‍ സാധിക്കൂ. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിലവിലെ തൊഴില്‍ ഉടമയുടെ കൂടെ ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. 50 ദിനറാണ് വീസ ട്രാന്‍സ്ഫര്‍ ഫീസ് ആയി നിശ്ചയിച്ചിരുക്കുന്നത്. വീസ പുതുക്കുന്നതിനായി എല്ലാ വര്‍ഷവും 10 ദീനാറും ഫീസ് ഈടാക്കും.
വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികളില്‍ 45 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 13 ശതമാനവുമായി ഫിലിപ്പീന്‍സുകാരാണ് രണ്ടാം സ്ഥാനത്ത്. ഏറെ കാലത്തെ വീസ നിരോധനത്തിനു ശേഷം ഫിലിപ്പീന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ ആഴ്ച തീരുമാനമായിരുന്നു.
വീസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് പല തരത്തിലുള്ള വിലക്കുണ്ടായിരുന്നു. അതാണ് ഇപ്പോൾ കുവെെറ്റ് പുനപ്പരിശോധിക്കുമെന്നും വേണമെങ്കിൽ മാറ്റം വരുമെന്ന് പറഞ്ഞിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് വളരെ വലിയ തീരുമാനം ആണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല