1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2024

സ്വന്തം ലേഖകൻ: ചട്ടങ്ങള്‍ പാലിക്കാതെ ഗാര്‍ഹിക തൊഴിലാളി വീസ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെതിരേ ബോധവല്‍ക്കരണ ക്യാമ്പയിനുമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിനില്‍ വീട്ടു ജോലിക്കാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പ്രതിപാദിക്കുന്നതിനൊപ്പം പുതിയ തൊഴിലുടമകളിലേക്ക് വീസ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പറയുന്നുണ്ട്.

ഗ്യാരന്റി കാലയളവില്‍ അഥവാ കുവൈത്തില്‍ എത്തി ആറു മാസം പൂര്‍ത്തിയാവുന്നതിനു മുമ്പ് ഒരു ഗാര്‍ഹിക തൊഴിലാളി തന്റെ നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും വേണം. ഇങ്ങനെ അധികൃതരെ അറിയിക്കാതെ വീസ ട്രാന്‍സ്ഫര്‍ ചെയ്താല്‍ തൊഴിലാളിയുടെ കരാര്‍ പ്രകാരമുള്ള വാറന്റി അതോടെ അസാധുവാകും.

ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മുമ്പായി ചില നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തില്‍ തൊഴിലാളി, പുതിയ തൊഴില്‍ ദാതാവ്, റിക്രൂട്ട്‌മെന്റ് ഓഫീസ്, ഗാര്‍ഹിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പുതിയ കരാര്‍ ആവശ്യമാണ്.

ഒരു തൊഴിലാളി ജോലിയില്‍ പ്രവേശിച്ച് ആറ് മാസത്തിനുള്ളില്‍ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന പക്ഷം, ജീവനക്കാരന്‍ ഗാര്‍ഹിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള വകുപ്പ് മുമ്പാകെ ഹാജരാവണം. ഈ ഗാര്‍ഹിക തൊഴിലാളിക്കായി നിലവിലെ തൊഴിലുടമ നല്‍കിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തിരികെ ലഭിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവനക്കാരില്‍ നിന്നോ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നോ തൊഴിലുടമയ്ക്ക് ചെലവായ തുക തിരികെ ലഭ്യമാക്കും.

നേരത്തേ ഗാര്‍ഹിക വീസക്കാര്‍ക്ക് സ്വകാര്യ കമ്പനികളിലേക്ക് വീസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇടക്കാല അനുമതി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നല്‍കിയിരുന്നു. നിലവിലെ തൊഴിലുടമയുടെ കൂടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളികള്‍ക്കായിരുന്നു ഇതിന് അവസരം. രാജ്യത്തെ നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ ആശ്വാസമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.