സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഥവാ ആര്‍ട്ടിക്കിള്‍ 20 വീസക്കാര്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ വീസകളിലേക്ക് അഥവാ ആര്‍ട്ടിക്ക്ള്‍ 18 വീസകളിലേക്ക് മാറാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നീലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സി അഫയേഴ്സ് മുമ്പാകെ ലഭിച്ചത് ഏകദേശം 30,000 ട്രാന്‍സ്ഫര്‍ അപേക്ഷകള്‍.
ജൂലൈ 14 മുതല്‍ ഓഗസ്റ്റ് പകുതി വരെ, ഈ അഭ്യര്‍ത്ഥനകളില്‍ ഏകദേശം 10,000 അപേക്ഷകള്‍ അംഗീകരിച്ചതായും ബാക്കിയുള്ള അപേക്ഷകള്‍ നിലവില്‍ പരിഗണിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ സാമ്പത്തിക സ്ഥിതി കൈവരിക്കാനുള്ള അവസരമാണ് സ്വകാര്യ മേഖലയിലേക്ക് മാറുന്നതിലൂടെ കൈവന്നിരിക്കുന്നത്. കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയെയും ബാധിച്ചിരിക്കുന്ന കടുത്ത തൊഴില്‍ ക്ഷാമം പരിഹരിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
കുവൈത്തില്‍ പൊതുമാപ്പ് കാലയളവിലും തുടര്‍ന്നു നടന്ന പരിശോധനകളിലുമായി നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്നു പതിനായിരക്കണക്കിന് പ്രവാസികള്‍ കുവൈത്തില്‍ നിന്ന് പുറത്തുപോയിരുന്നു. ചുരുങ്ങിയത് 80,000 പ്രവാസികള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കുവൈത്തില്‍ നിന്ന് പുറത്തുപോവേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
ഇത് തൊഴില്‍ മേഖലകളില്‍ ജീവനക്കാരുടെ വലിയ കുറവാണ് ഉണ്ടാക്കിയത്. പല പദ്ധതികളും ആവശ്യത്തിന് ജീവനക്കാരില്ലാതെ മുടങ്ങുന്ന സാഹചര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രശ്നത്തിന് വലിയൊരുളവില്‍ പരിഹാരം കാണാന്‍ വീസ ട്രാന്‍സ്ഫര്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ സെപ്തംബര്‍ 12 വരെയാണ് ഗാര്‍ഹിക വീസകളിലുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ വീസയിലേക്ക് മാറുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള തിരക്കിട്ട ശ്രമത്തിലാണ് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സി അഫയേഴ്സ്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ചേര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
ഈ വീസ ട്രാന്‍സ്ഫര്‍ നടപടി തൊഴില്‍ വിപണിയെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് പുതിയ റെസിഡന്‍ഷ്യല്‍ നഗരങ്ങളുടെ വികസനം മൂലം വളര്‍ച്ച കൈവരിക്കുന്ന നിര്‍മ്മാണ മേഖലയില്‍. കൂടാതെ, സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ‘ബാച്ചിലര്‍മാരുടെ’ പ്രശ്നം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
കഴിഞ്ഞ ആറ് മാസത്തിനിടെ വാണിജ്യ, ടൂറിസ്റ്റ്, ഫാമിലി വീസകള്‍ ഉള്‍പ്പെടെ 70,000 സന്ദര്‍ശക വീസകള്‍ റെസിഡന്‍സി അഫയേഴ്സ് നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രവാസി ജീവനക്കാര്‍ക്ക് അവരുടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല