
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട വേതനവും തൊഴിൽ അന്തരീക്ഷവും തേടി കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ യുഎഇയിലേക്കു ചേക്കേറുന്നു. ഉയർന്ന ശമ്പളവും മാന്യമായ പെരുമാറ്റവും വീസ ലഭ്യതയുമാണു ഗാർഹിക തൊഴിലാളികളുടെ ആകർഷണം. അംഗീകൃത റിക്രൂട്ടിങ് ഓഫിസ് വഴി യുഎഇയിൽ എത്തുന്നവരിൽ കൂടുതലും ദുബായിൽ ജോലി ചെയ്യാനാണു താൽപര്യപ്പെടുന്നത്.
കുറഞ്ഞ വേതനം, ശമ്പള കുടിശിക, തൊഴിൽ ഇടങ്ങളിലെ മോശം അവസ്ഥ എന്നിവയാണ് കുവൈത്ത് വിടാൻ നിർബന്ധിതരാക്കുന്നത് എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. ഒക്ടോബറിലെ കണക്കുപ്രകാരം വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട ആയിരത്തിലേറെ പരാതികൾ മാൻപവറിനു ലഭിച്ചു. ഇതിൽ ഒളിച്ചോട്ടം, ശമ്പള കുടിശിക, ആനുകൂല്യം നൽകാതിരിക്കൽ എന്നിവയും ഉൾപ്പെടും.
അതിനിടെ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ രീതിയിലേക്ക് കൊണ്ടുവരാന്‍ കുവൈത്ത് ഭരണകൂടം പദ്ധതിയിടുന്നു. ഇതുവഴി സര്‍ക്കാര്‍ ജോലികളോടുള്ള പൗരന്‍മാരുടെ അഭിനിവേശം കുറയ്ക്കുകയും കൂടുതല്‍ പേരെ സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരികയും ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിലവില്‍ സ്വകാര്യ മേഖലയിലേക്ക് വരാന്‍ കുവൈത്ത് യുവതീ യുവാക്കള്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍- സ്വകാര്യ മേഖലാ ജോലികള്‍ക്കിടയില്‍ തുല്യത ഉറപ്പാക്കുന്ന രീതിയില്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കുവൈത്ത് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല