സ്വന്തം ലേഖകൻ: മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജീസെൽ പെലികോയ്ക്ക് നീതി. ഭർത്താവ് ഉൾപ്പെടെ 50 പുരുഷന്മാർ ജീസെൽ പെലികോയെ ബലാത്സംഗം ചെയ്ത കേസിലാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ മുഖ്യ പ്രതിയും ജീസെലിന്റെ മുൻ ഭർത്താവുമായ ഡൊമിനിക് പെലികോയ്ക്ക് 20 വർഷവും, മറ്റ് പ്രതികൾക്ക് മൂന്ന് മുതൽ 15 വർഷം വരെ തടവും ശിക്ഷ വിധിച്ചു.
ഫ്രാൻസിലാണ് കേസിനാസ്പദമായ സംഭവം. ഒരു ദശാബ്ദ കാലമാണ് ഡൊമിനിക് പെലികോ ഭാര്യയായ ജീസെലിന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനത്തിനിരയാക്കിയത്. 1973-ലാണ് ജിസേലും ഡൊമിനികും വിവാഹിതരാകുന്നത്. ഫ്രഞ്ച് സർക്കാരിന്റെ വൈദ്യുത കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു പെലികോ. ഇരുവർക്കും മൂന്ന് മക്കളാണുളളത്.
2020 സെപ്റ്റംബറിലാണ് മൂന്നു യുവതികളുടെ വസ്ത്രത്തിനിടയിലൂടെയുള്ള ചിത്രമെടുത്തു എന്ന കേസിൽ ഡൊമിനികിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഡൊമിനിക്കിന്റെ ഫോണിൽനിന്ന് 300 അശ്ലീലഫോട്ടോളും ചിത്രങ്ങളും കണ്ടെടുത്തു. മാസാനിയിലെ ഇവരുടെ വസതിയിൽ നിന്നുമാണ് പൊലീസ് ഇത് കണ്ടെടുത്തത്.
ഡൊമിനിക് അറസ്റ്റിലായതിന് ശേഷം ജീസെൽ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഡൊമിനിക് 2011–20 കാലഘട്ടത്തിൽ ഓൺലൈൻ വഴി പരിചയപ്പെട്ടവരാണ് പ്രതികളായ ബാക്കി 50 പേർ. റൂമിൽ സ്ത്രീ ഉറക്കം നടിച്ചു കിടക്കുകയാണെന്നാണ് ഡൊമിനിക് പറഞ്ഞതെന്നാണ് മറ്റ് പ്രതികളുടെ മൊഴി. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജീസെൽ പെലികോ കോടതിയിലെത്തുന്നത്.
തന്നെ അബോധാവസ്ഥയിലാക്കി അപരിചതർ ബലാത്സംഗം ചെയ്യുന്ന വീഡിയോ ജീസെൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കുറ്റകൃത്യത്തിന് ഫ്രാൻസ് നൽകുന്ന പരമാവധിശിക്ഷയായ 20 വർഷം തടവ് പ്രോസിക്യൂട്ടർമാർ വാധിച്ചിരുന്നു. മൂന്ന് മാസത്തിലധികം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഡൊമിനിക് പെലികോയ്ക്കും മറ്റു പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധി പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ജിസേലിന്റേയും ഡൊമിനിക്കിന്റേയും മകള്‍ കരോളിന്‍ ഡാരിയനും കോടതി മുറിക്കുള്ളിലുണ്ടായിരുന്നു. വിധികേട്ടതോടെ കരോളിന്‍ ഡാരിയന്‍ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കോടതി മുറിക്കുള്ളില്‍ നിയന്ത്രണം വിട്ടു പ്രതികരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘നിങ്ങള്‍ പട്ടിയെ പോലെ നരകിച്ച് മരിക്കു’മെന്ന് പറഞ്ഞ് കരോളിന്‍ കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞു. ‘ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ കാണാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ലോകത്ത് ഒരു മകള്‍ക്കും ഇതുപോലെയൊരു വിധി കേള്‍ക്കാനും കാണാനും അവസരമുണ്ടാകരുതേ എന്ന് മാത്രമാണ് ചിന്ത,’ അവർ പറഞ്ഞു. നിയമപോരാട്ടത്തിന് ലോകമൊന്നാകെ അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും കരോളിന്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല