സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ നാവു വിളയാട്ടം വീണ്ടും, ഇത്തവണ ആപ്പില്‍ കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഇത്തവണ ആപ്പിള്‍ കമ്പനിക്കെതിരെ പരസ്യമായി രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയായിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ നടന്ന വെടിവയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ യു.എസ് സര്‍ക്കാരിന് കൈമാറാന്‍ ആപ്പിള്‍ കമ്പനി വിസമ്മതിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. വിവരങ്ങള്‍ കൈമാറുംവരെ ബഹിഷ്കരണം തുടരണമെന്നാണ് ട്രംപിന്റെ ആഹ്വാനം.
സൗത്ത് കരോലിനയിലെ പൗലെയ്സ് ഐലന്റില്‍ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍നിരയിലുള്ള സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് ഒരു ആഘോഷപരിപാടിയില്‍ ആക്രമണം നടത്തി 14 പേരെ കൊലപ്പെടുത്തുകയും 22 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പോലീസ് തെരയുന്ന പ്രതികളാണ് റിസ്വാന് ഫാറൂക്കും ഭാര്യ തഹഫീന് മാലിക്കും. ഇവരുടെ ഐഫോണില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കണമെന്ന യു.എസിന്റെ ആവശ്യത്തോട് ആപ്പിള്‍ മുഖം തിരിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ദമ്പതികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ചായ്വുള്ളവരാണെന്നും അവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കന്‍ ഫോണ്‍രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഈ ആവശ്യത്തോട് ആപ്പിള്‍ ഇതുവരേയും വഴങ്ങിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല