1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2024

സ്വന്തം ലേഖകൻ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യൻ വംശജൻ വരുമെന്ന് സൂചന. തന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ കാഷ്‌ പട്ടേലിനെ ഡൊണൾഡ് ട്രംപ് നിർദേശിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ട്രംപ് മന്ത്രിസഭയിൽ ഇന്റലിജന്‍സ്, പ്രതിരോധ മേഖലകളില്‍ നിര്‍ണ്ണായക പദവികള്‍ കൈകാര്യം ചെയ്തിരുന്നയാളായിരുനു കാഷ്‌. 1980ൽ ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലായിരുന്നു കാഷിന്റെ ജനനം. നിയമ, ഭരണമേഖലകളിൽ കാര്യമായ പരിചയസമ്പത്തുള്ള കാഷ്‌, ട്രംപിനെപ്പോലെ ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയം പേറുന്നയാൾ കൂടിയാണ്. ഹൗസ് ഇന്റലിജിൻസ് കമ്മിറ്റി ചെയർമാൻ ഡെവിൻ നുൺസിന്റെ ഒപ്പം ജോലി ചെയ്തയാൾ കൂടിയായിരുന്നു.

ഈ സമയത്ത് 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുകൾക്കും മറ്റുമെതിരെയുള്ള എഫ്ബിഐ അന്വേഷണത്തിനെതിരെ കാഷ്‌ പട്ടേൽ രംഗത്തെത്തിയിരുന്നു. ട്രംപ് ആദ്യം ഇംപീച്ച്‌ ചെയ്യപ്പെട്ട സമയത്തുണ്ടായ പട്ടേലിന്റെ ചില ഇടപെടലുകളും വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ ട്രംപിന്റെ രാഷ്ട്രീയ അജണ്ടകൾ മുന്നോട്ടു കൊണ്ടുപോകുന്ന ആളായാണ് കാഷ്‌ പട്ടേൽ വിലയിരുത്തപ്പെടുന്നത്.

ഗവൺമെന്റ് ഗാങ്സ്റ്റെർസ് എന്ന തന്റെ പുസ്തകത്തിൽ പ്രസിഡന്റിന്റെ അജണ്ടകളെ വിലകുറച്ചുകാണുന്നവരെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമർശവും കാഷ്‌ നടത്തിയിട്ടുണ്ട്. കാലാകാലങ്ങളായി എഫ്ബിഐയുടെ വിമർശകൻ കൂടിയായിരുന്നു കാഷ്‌. ഒരു അഭിമുഖത്തിൽ എഫ്ബിഐ ഓഫീസുകൾ അടച്ചുപൂട്ടണമെന്നും, അന്വേഷണമെല്ലാം നിർത്തി ആ കെട്ടിടം ഡീപ് സ്റ്റേറ്റിന്റെ മ്യൂസിയം ആക്കണമെന്നും കാഷ്‌ പറഞ്ഞിരുന്നു. അവ അഴിമതിയുടെ കൂടാരമാണെന്നും കാഷ്‌ പറഞ്ഞിട്ടുണ്ട്. അതേ വ്യക്തി തന്നെയാണ് ഇപ്പോൾ എഫ്ബിഐയുടെ തലവനായി ചുമതലയേൽക്കാൻ പോകുന്നത് എന്നതാണ് രസകരം.

കാഷ്‌ പട്ടേലിന്റെ നിയമനത്തിൽ ഇപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. കാഷിൻ്റെ നിയമനത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നതായാണ് റിപ്പോർട്ടുകളുണ്ട്. ട്രംപുമായി നേരിട്ടുളള അടുപ്പത്തിന് പുറമെ കാഷിന്റെ നയങ്ങളിലും പലർക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.