സ്വന്തം ലേഖകൻ: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആവശ്യമെങ്കിൽ മാത്രം മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടി കഴിഞ്ഞ് ഒരുദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.
“ഞാൻ എപ്പോഴും സഹായിക്കാൻ തയ്യാറാണ്. എന്നാൽ അത് ഈ രണ്ടു പേരെയും ആശ്രയിച്ചിരിക്കുന്നു. ഞാൻ തയ്യാറാണ്, സന്നദ്ധനാണ്, എനിക്കതിന് കഴിയുകയും ചെയ്യും. ഇരുവർക്കും അത് വേണമെങ്കിൽ ഞാൻ അത് ചെയ്യും,” പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് മുമ്പായി ട്രംപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് പറഞ്ഞു.
“പ്രധാനമന്ത്രി മോദിയുമായി എനിക്ക് നല്ല ബന്ധമുണ്ട്, പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായും എനിക്ക് അടുപ്പമുണ്ട്. ഒരു മദ്ധ്യസ്ഥനെന്ന നിലയിൽ ഞാൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഇതിന് മുമ്പും ഞാൻ മധ്യസ്ഥ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ മറുവശത്തുള്ളവർ എന്നോട് ആവശ്യപ്പെടേണ്ടതുണ്ട്,” ട്രംപ് പറഞ്ഞു.
ഇരുപക്ഷവും ആവശ്യപ്പെട്ടാൽ മാത്രമേ താൻ സഹായിക്കൂ എന്ന് പാകിസ്ഥാൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ മോദി തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ട്രംപിന്റെ പ്രസ്താവന ഇന്ത്യ നിഷേധിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15നാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. വിദേശകാര്യ വക്താവ് രവീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മോദി 50,000ലേറെ വരുന്ന ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത ഹൗഡി മോഡി പരിപാടിയിൽ ഉടനീളം നിറസാന്നിധ്യമായി ട്രംപുമുണ്ടായിരുന്നു. അതേസമയം, ഇരുവരുടെയും കൂടിക്കാഴ്ചയിൽ എന്തൊക്കെയായിരിക്കും ചർച്ചയാവുകയെന്ന് വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല