സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കുഞ്ഞ് കരഞ്ഞു, ഡൊണാള്‍ഡ് ട്രംപ് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടു. വിര്‍ജീനിയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് പ്രസംഗിക്കുന്നതിനിടയില്‍ കരഞ്ഞ കുഞ്ഞിനെയും അമ്മയേയുമാണ് ട്രംപ് പുറത്താക്കിയത്. ആദ്യം കരഞ്ഞപ്പോള്‍ താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്ത ട്രംപ് കുഞ്ഞ് വീണ്ടും തടസ്സം ഉണ്ടാക്കിയപ്പോള്‍ താന്‍ നേരത്തേ തമാശ പറയുകയായിരുന്നു എന്ന് പറഞ്ഞാണ് അമ്മയേയും കുഞ്ഞിനെയും പുറത്താക്കുകയായിരുന്നു.
റാലിയില്‍ ട്രംപ് ചൈനയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയിലാണ് കുഞ്ഞ് കരഞ്ഞത്. പ്രസംഗം നിര്‍ത്തിയ ട്രംപ് സാരമില്ല കുഞ്ഞുങ്ങളായാല്‍ കരയുമെന്നും താന്‍ കുട്ടികളെ സ്‌നേഹിക്കുകയും കുഞ്ഞ് കരയുന്നത് ഇഷ്ടപ്പെടുകയും അത് നല്ല സുന്ദരന്‍ കുഞ്ഞാണെന്നും മറ്റുമൊക്കെ പറഞ്ഞ് അമ്മയെ സാന്ത്വനപ്പെടുത്തി.
അതിന് ശേഷം വീണ്ടും പ്രസംഗം തുടര്‍ന്നപ്പോള്‍ കുഞ്ഞ് വീണ്ടും കരഞ്ഞു. തുടര്‍ന്ന് താന്‍ നേരത്തേ പറഞ്ഞതെ തമാശയായി എടുത്താല്‍ മതി കുട്ടിയുമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് പുറത്ത് പോകുന്നതില്‍ തെറ്റില്ലെന്നു പറയുകയായിരുന്നു. വിര്‍ജീനിയയിലെ ആഷ്‌ബേണ്‍ ഹൈസ്‌കൂളില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയുള്ള ട്രംപിന്റെ നിലപാട് മാറ്റം ജനക്കൂട്ടത്തെ ചിരിക്കാനുള്ള വകനല്‍കി.
ട്രംപിന്റെ പെരുമാറ്റം തരംഗമായതോടെ അദ്ദേഹത്തിന്റെ എതിരാളികളും വിമര്‍ശനവുമായി രംഗത്തെത്തി. ചിലപ്പോള്‍ കുട്ടി ചെയ്തതായിരിക്കും ശരിയെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാനും മതിയെന്നായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സെനറ്ററുമായ ഡെമോക്രാറ്റ് നേതാവ് ടിം കെയ്‌ന്റെ വക ട്രോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല