സ്വന്തം ലേഖകന്‍: അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്. ഭീകര പ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാനുള്ള സാന്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്കു ചുട്ട മറുപടിയുമായാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അമേരിക്കയോടു മുന്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാന്പത്തികസഹായം നിര്‍ത്തലാക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. 25.5 കോടി ഡോളറിന്റെ (ഏകദേശം 1630 കോടിരൂപ) സഹായമാണു നിര്‍ത്തലാക്കിയത്. സാന്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നു പുതുവര്‍ഷത്തെ ആദ്യ ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെ ദക്ഷിണേഷ്യന്‍ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം സഹകരിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നു മുന്നറിയിപ്പു നല്കിയിരുന്നു.
2002 മുതല്‍ 3300 കോടി ഡോളര്‍(2,10,820 കോടിയോളം രൂപ) അമേരിക്ക പാക്കിസ്ഥാനു നല്കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരേ അയഞ്ഞസമീപനം സ്വീകരിച്ചതാണ് ഇപ്പോള്‍ യുഎസിനെ പ്രകോപിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടയച്ചതിനെ ഇക്കഴിഞ്ഞ നവംബറില്‍ അമേരിക്ക കടുത്ത ഭാഷയില്‍ അപലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല