1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി‌ ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതൽ മന്ത്രിമാർ എം പി റജിസ്റ്ററിലും രേഖപ്പെടുത്തുവാൻ നിർബന്ധിതരാകും.

ലേബർ പാർട്ടി നേതാക്കൾക്ക് സ്ഥിരമായി പാരിതോഷികങ്ങൾ നൽകുന്ന ലോർഡ് അല്ലിയിൽ നിന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനും മറ്റ് ഉന്നത മന്ത്രിമാർക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബർ പാർട്ടി അംഗമായ റോസി ഡഫീൽഡ് എം പി നാടകീയ നീക്കത്തിലൂടെ പാർട്ടിയിൽ നിന്നും രാജി വെച്ചതായി അറിയിച്ചിരുന്നു.

പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അധികാരത്തിലും അത്യാഗ്രഹത്തിലും കൂടുതൽ ശ്രദ്ധാലുക്കളാണ് പ്രധാനമന്ത്രിയും സംഘവുമെന്ന് അവർ ആരോപിച്ചു. എംപിമാർ നിലവിൽ അവരുടെ പാർലമെന്ററി അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാൽ 28 ദിവസത്തിനുള്ളിൽ നൽകിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം അനുശാസിക്കുന്നത്.

പാർലമെന്റ് ചേരുമ്പോൾ രണ്ടാഴ്ചയിലൊരിക്കൽ വെളിപ്പെടുത്തിയ കാര്യങ്ങൾ രേഖകളായി പൊതുവിൽ പ്രസിദ്ധീകരിക്കപ്പെടും. എന്നാൽ കൺസർവേറ്റീവ് നേതാവ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴിൽ കൊണ്ടുവന്ന ചട്ട പ്രകാരം മന്ത്രിമാർക്ക് അവരുടെ സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങൾ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന അവരുടെ ഡിപ്പാർട്ട്മെന്റ് ഡിക്ലറേഷനുകളിൽ പ്രഖ്യാപിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ കൃത്യമായ മൂല്യം വ്യക്തമാക്കേണ്ട ആവശ്യകതയുമില്ല. ഇനിമുതൽ മന്ത്രിമാർക്ക് തങ്ങളുടെ എംപി റജിസ്റ്ററിലും ഇത്തരം സമ്മാനങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

സർക്കാരിന് കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തിൽ നിയമങ്ങൾക്ക് മാറ്റം ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തിൽ ഇരിക്കെ ഉണ്ടായ പഴുതിനെ തങ്ങൾ നീക്കുകയാണ് എന്ന തരത്തിൽ ലേബർ പാർട്ടി പുതിയ തീരുമാനത്തെ അവതരിപ്പിക്കുമ്പോൾ പ്രധാനമന്ത്രി സ്വീകരിച്ച സമ്മാനങ്ങൾ സംബന്ധിച്ച് ഉണ്ടായ വിവാദം ഇല്ലാതികില്ലെന്ന് കൺസർവേറ്റീവ് നേതാക്കൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.