സ്വന്തം ലേഖകന്‍: ദൂരദര്‍ശന്റെ പ്രശസ്തമായ ലോഗോ ഓര്‍മ്മയാകുന്നു, അടിമുടി മാറ്റത്തിലൂടെ മുഖം മിനുക്കാന്‍ പ്രസാര്‍ ഭാരതി, പുതിയ ലോഗോയ്ക്ക് ക്ഷണം. 1959 മുതല്‍ ഉപയോഗിക്കുന്ന, കണ്ണിന്റെ മാതൃകയിലുള്ള ലോഗോയാണ് ഓര്‍മ്മയാകാന്‍ ഒരുങ്ങുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ദൂരദര്‍ശന്‍ ചാനലുകളുടെ ഉള്ളടക്കത്തിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചിരുന്നു.
രാജ്യത്ത് ചാനലുകളുടെ എണ്ണം വര്‍ധിക്കുകയും ദൂരദര്‍ശന്‍ ചാനലുകളുടെ കാഴ്ചക്കാര്‍ കുറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശി വെംപതിയാണ് ലോഗോ മാറ്റം ഉടനുണ്ടാകുമെന്ന് അറിയിച്ചത്. 30 വയസിന് താഴെയുള്ള ഇന്ത്യന്‍ യുവത്വത്തിന് ലോഗോയോട് ഗൃഹാതുരത്വമോ, അടുപ്പമോ ഇല്ലെന്നും പുതിയ ലോഗോ വര്‍ത്തമാനകാല തലമുറയെക്കൂടി ഉദ്ദേശിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാറ്റത്തിന്റെ ഭാഗമായി മികച്ച ലോഗോകള്‍ ജനങ്ങളില്‍ നിന്ന് ക്ഷണിച്ചിരിക്കുകയാണ് പ്രസാര്‍ ഭാരതി. ഓഗസ്റ്റ് 13നാണ് ലോഗോകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. മുഖം മിനുക്കലിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുന്നതോടെ ഗൃഹാതുരമായ ഒരു ഓര്‍മ്മയായി ലോഗോ മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല