ശ്രീറാം പൊന്നപ്പന്
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ കേരളത്തനിമ നിറഞ്ഞ് ശ്രദ്ധേയമായി. പുതുമയാര്‍ന്ന ഓണപ്പൂക്കളം ഒരുക്കിയ ബോബിച്ചനേയും ജയമോനെയും അനുനമോദിച്ചുകൊണ്ട് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തനിമയാര്‍ന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് അംഗങ്ങള്‍ സകുടുംബം പരിപാടിയിലേക്ക് എത്തിയത് ഓണാഘോഷത്തിന്റെ വലിയ വിജയത്തിന് ചുക്കാന്‍ പിടിക്കാന്‍ ആയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആനയിക്കപ്പെട്ട മാവേലി മന്നനും പ്രസിഡന്റ് സ്റ്റീഫന്‍ ജോസഫും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പുരുഷന്മാരുടെ ചുണ്ടന് വള്ളം കളിയും വനിതകളുടെ ചുരുളന്‍ വള്ളം കളിയും നടന്നപ്പോള്‍ സദസ്സ് ആര്‍പ്പുവിളികൊണ്ട് മുഖരിതമായി. ഓണാഘോഷത്തിന്റെ മാറ്റു കൂട്ടിയ വടംവലി മത്സരത്തില്‍ സ്ത്രീകളുള്‍പ്പെടെ എട്ടോളം ടീമുകള്‍ മത്സരിച്ചു. അത്യധികം വാശിയേറിയ മത്സരത്തില്‍ മൂന്നാം പ്രാവശ്യവും ജോയിച്ചന്‍ നേതൃത്വം നല്കിയ ടീം കപ്പ് നിലനിര്‍ത്തി
റെഡിമെയ്ഡ് സദ്യക്ക് പിന്നാലെ പായാതെ അംഗങ്ങള്‍ തന്നെ തയ്യാറാക്കി തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ ഇരട്ടി സ്വാദോടെ ഏവരും ആസ്വദിച്ചു. തുടര്‍ന്ന് യുക്മ റീജിയണല്‍ തലത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും പ്രസിഡന്റ് പ്രത്യേകം മെഡലുകള്‍ വിതരണം ചെയ്തു. കൂടാതെ ഡി.എം.എ മുന്‍പ് നടത്തിയ കലാമത്സരത്തിലെ വിജയികള്‍ക്കും സ്പോര്‍ട്സ് മത്സരവിജയികള്‍ക്കും ട്രോഫികള്‍ വിതരണം ചെയ്തു.
വുമണ്‍സ് കോഡിനേറ്റര്‍ ജാനീസ് ജോസിന്റെ നന്ദി പ്രകാശനത്തോടെ ഡി.എം.എയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു. ഗൃഹാതുരത്വ സ്മരണകളുണര്‍ത്തിയ ഈ ഓണാഘോഷം പോലെ ഒരുമയോടെ വരും വര്‍ഷങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു പങ്കെടുത്ത എല്ലാവരും പ്രകടിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല