1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പുതിയ തീരുമാനവുമായി കുവൈത്ത്. വിദേശ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവില്‍ രാജ്യത്തെ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്നതിനോടൊപ്പമാണ് സ്വകാര്യ മേഖലയില്‍ കൂടി അത് കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളുമായി തൊഴില്‍ വകുപ്പ് മുന്നോട്ടുപോകുന്നത്. ഇത് പ്രവാസി തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ കമ്പനികളിലെ ജീവനക്കാരില്‍ കുവൈത്ത് പൗരന്‍മാരുടെ എണ്ണം നിലവിലെ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായും സ്വകാര്യ എണ്ണക്കമ്പനികളില്‍ 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായും വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്‍റെ (പിഎഎം) നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോറിറ്റിയിലെ നാഷണല്‍ വര്‍ക്കേഴ്‌സ് ഡിപ്പാര്‍ട്ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നജാത്ത് അല്‍ യൂസഫിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബന്ധപ്പെട്ട കമ്പനികളില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ സ്വദേശിവല്‍ക്കണം നടപ്പാക്കാതെ നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീഴ്ച വരുത്തുന്ന കമ്പനിയുടെ ഫയല്‍ സസ്പെന്‍ഡ് ചെയ്യും. അതോടൊപ്പം പിഴയുടെ മൂല്യം നിലവിലുള്ളതിന്‍റെ മൂന്നിരട്ടി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും യോഗം മുന്നോട്ടുവച്ചു.

സ്വകാര്യ മേഖലയിലെ പല കമ്പനികളും രാജ്യത്തെ സ്വദേശിവല്‍ക്കരണ നിയമങ്ങളോട് പ്രതിബദ്ധത കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ചില കമ്പനി മാനേജ്‌മെന്‍റുകള്‍ കുവൈത്ത് തൊഴിലാളികളെ അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും അവരോട് മോശമായി പെരുമാറുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം കമ്പനികള്‍ക്കെതിരേ നടപടി ശക്തമാക്കുമെന്നും യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നജാത്ത് അല്‍ യൂസഫ് വ്യക്തമാക്കി.

സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വേണ്ടത്ര വിജയിച്ചില്ലെന്ന വിലിയിരുത്തലിലാണ് അധികൃതര്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വദേശി തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കാനും നിയമ ലംഘകര്‍ക്കുള്ള പിഴ മൂന്നിരട്ടിയാക്കാനുമുള്ള പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍. അതേസമയം, രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ വേണ്ടത്ര വിജയിക്കുന്നില്ലെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മൈഗ്രേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം സമീപ വര്‍ഷങ്ങളില്‍ വിദേശജീവനക്കാര്‍ക്കുള്ള തൊഴില്‍ വീസയായ ആര്‍ട്ടിക്കിള്‍ 18 വീസകളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍. ഇതു പ്രകാരം 2021 അവസാനത്തോടെ രാജ്യത്തെ ആര്‍ട്ടിക്കിള്‍ 18 വീസക്കാരുടെ എണ്ണം 12.5 ലക്ഷത്തിലേറെ ആയിരുന്നത് 2023 അവസാനമാകുമ്പോഴേക്കും 15 ലക്ഷത്തിന്‍റെ മുകളിലേക്ക് ഉയര്‍ന്നു. ആര്‍ട്ടിക്കിള്‍ 20 വീസക്കാരായ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും ഈ വര്‍ധനവ് പ്രകടമാണ്. 2021ല്‍ 5.9 ലക്ഷമായിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ രണ്ട് ലക്ഷത്തിനടുത്ത് വര്‍ധിച്ച് 2023ല്‍ 7.9 ലക്ഷമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.