പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കുടിയേറ്റ നയങ്ങള്‍ സംബന്ധിച്ച് മന്ത്രി ഡാമിയന്‍ ഗ്രീനിന്റെ പ്രസ്താവന മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക പടര്‍ത്തുന്നു.പി ആറിനുള്ള ശമ്പള പരിധി 31,000 പൌണ്ടിനും 49,000 പൌണ്ടിനും ഇടയില്‍ ആയിരിക്കണം എന്നതും വിദേശ പങ്കാളിയെ കൊണ്ട് വരണമെങ്കില്‍ 18,600 നും 25,700 നും ഇടയില്‍ ശമ്പളം വേണമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയാണ് പലരെയും ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്നത്.അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി പി ആര്‍ ലഭിക്കാന്‍ കാത്തിരിക്കുന്ന നഴ്സുമാരും കെയറര്‍മാരും ആയ മലയാളികള്‍ക്കാണ് പുതിയ പരിഷ്ക്കാരം എങ്ങിനെയായിരിക്കുമെന്ന ആശങ്കയുള്ളത്.
പി ആറിനുള്ള ശമ്പള പരിധി 31,000 പൌണ്ടിനും 49,000 പൌണ്ടിനും ഇടയില്‍
ഈ ശമ്പള പരിധി സംബന്ധിച്ച് അവ്യക്തമായ സൂചനകളാണ് മന്ത്രി നല്‍കിയിരിക്കുന്നത്.ഓരോ പ്രോഫഷനും ഓരോ ശമ്പളമാണോ നിശ്ചയിക്കുക,വര്‍ക്ക് പെര്‍മിറ്റ് ഉള്ളയാളുടെ മാത്രം ശമ്പളമാണോ അതോ കുടുംബത്തിന്‍റെ മൊത്തം വരുമാനമാണോ കണക്കു കൂട്ടുക എന്നിങ്ങനെയുള്ള സംശയങ്ങള്‍ ബാക്കിയാണ്.ഈ ശമ്പള പരിധി പി ആറിന് അപേക്ഷിക്കുന്ന വര്‍ഷം ലഭിക്കുന്ന ശമ്പളത്തിന് മാത്രം ബാധകമാണോ അതോ ആദ്യകാലം മുതല്‍ വേണോ എന്ന ചോദ്യത്തിനും ശരിയായ ഉത്തരമില്ല.
എന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക
ഇപ്പോള്‍ വന്നിരിക്കുന്നത് കുടിയേറ്റ മന്ത്രിയുടെ മാധ്യമ പ്രസ്താവന മാത്രമാണ്.ഹോം ഓഫീസില്‍ നിന്നും ഔദ്യോകിക പ്രഖ്യാപനം വന്നാല്‍ മാത്രമേ എന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരികയെന്ന് പറയാന്‍ സാധിക്കൂ.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.ഇപ്പോള്‍ ലക്ഷങ്ങളില്‍ നില്‍ക്കുന്ന കുടിയേറ്റ നിരക്ക് 2015 -ല്‍ പതിനായിരങ്ങളില്‍ എത്തിക്കുമെന്നാണ് കൂട്ടുകക്ഷി മന്തിസഭയുടെ വാഗ്ദാനം.അതുകൊണ്ട് തന്നെ മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മെയ് മാസത്തിനു മുന്‍പേ തന്നെ പുതിയ നിയമം നടപ്പില്‍ വരുമെന്ന് പ്രതീക്ഷിക്കാം
നിലവിലുള്ള ടിയര്‍ 2 വിസക്കാര്‍ക്ക് ഈ നിയമം ബാധകമാവുമോ അതോ ഇനി നല്‍കുന്ന വിസകള്‍ക്കാണോ ബാധകമാവുക
2015 ല്‍ നേടുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന കുടിയേറ്റ പരിഷ്ക്കാരം ഇനി നല്‍കുന്ന വിസകള്‍ക്ക് മാത്രമേ ബാധകമാവൂ എന്ന് ചിന്തിക്കാന്‍ വയ്യ.കാരണം ഇനി നല്‍കുന്ന വിസകള്‍ക്ക് മാത്രമാണ് പുതിയ പരിഷ്ക്കാരം ബാധകമാവുക എന്ന് വന്നാല്‍ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ ലക്ഷ്യങ്ങള്‍ നടപ്പിലാക്കി തുടങ്ങാന്‍ 2017 വരെ കാത്തിരിക്കേണ്ടി വരും.പോരാത്തതിന് ഇപ്പോഴുള്ള വിസക്കാര്‍ക്ക് പി ആര്‍ കൊടുക്കാമെന്ന ഒരു വാഗ്ദാനവും ഹോം ഓഫീസ് നല്‍കിയിട്ടുമില്ല.ചുരുക്കത്തില്‍ പറഞ്ഞാല്‍ സാമാന്യബുദ്ധി വച്ച് ചിന്തിച്ചാല്‍ നിലവിലുള്ളവര്‍ക്കും പുതിയ പരിഷ്ക്കാരം ബാധകമാകാനാണ് സാധ്യത.എന്നിരുന്നാലും ഇത് സംബന്ധിച്ച് ഹോം ഓഫീസിന്‍റെ പ്രഖ്യാപനം വന്നാല്‍ മാത്രമേ പൂര്‍ണ വ്യക്തത കൈവരുകയുള്ളൂ.
അഞ്ചു വര്‍ഷം വിസ കാലവാധി കഴിയുമ്പോള്‍ പി ആര്‍ ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യും ?
പരമാവധി അഞ്ചു വര്‍ഷം ജോലി ചെയ്യുക അതിനു ശേഷം തിരിച്ചു പോകുക എന്ന രീതിയിലാണ് മന്ത്രിയുടെ പ്രസ്താവനയെ യു കെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.എന്നാല്‍ സാങ്കേതികമായി ഈ പ്രസ്താവന തെറ്റാണ്.കാരണം ഇപ്പോള്‍ ആര്‍ക്കും തന്നെ അഞ്ചു വര്‍ഷത്തേയ്ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നില്ല.രണ്ടോ മൂന്നോ വര്‍ഷത്തെ കാലാവധിയാണ് പലരുടെയും വര്‍ക്ക് പെര്‍മിറ്റിനുള്ളത്.ഈ കാലാവധി തീരുമ്പോള്‍ വിസ പുതുക്കി നല്‍കുകയാണ് പതിവ്.ഇങ്ങനെ പുതുക്കിയ പലര്‍ക്കും ആറും ഏഴും വര്‍ഷം വരെ വിസയുമുണ്ട്.ഇക്കൂട്ടര്‍ വിസയുടെ കാലാവധിക്കുള്ളില്‍ തന്നെയാണ് പി ആറിന് അപേക്ഷിക്കുന്നത്.
ഇനി മുതല്‍ ഒരാള്‍ക്ക് നല്‍കുന്ന എല്ലാ വിസകളുടെയും ചേര്‍ത്തുള്ള പരമാവധി കാലാവധി അഞ്ചു വര്‍ഷമാക്കുമോ,ഇപ്പോള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ വിസയുള്ളവര്‍ക്ക് പി ആര്‍ ലഭിക്കുമോ അതോ വിസയുടെ കാലാവധി തീരുമ്പോള്‍ തിരിച്ചു പോകേണ്ടി വരുമോ എന്നിങ്ങനെ സംശയങ്ങള്‍ ബാക്കിയാണ്.
എന്തായാലും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മന്ത്രിയുടെ പ്രസ്താവന സൂചന മാത്രമാണ്.ഊഹാപോഹങ്ങള്‍ വിശ്വസിക്കാതെ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരാന്‍ ഹോം ഓഫീസിന്‍റെ ഔദ്യോകിക പത്രക്കുറിപ്പിനായി കാത്തിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല