1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2024

സ്വന്തം ലേഖകൻ: പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പരിഷ്കരിച്ച റസിഡൻസി നിയമത്തിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹിന്റെ അംഗീകാരം നൽകി.

2024 ലെ 114–ാം നമ്പർ അമിരി ഉത്തരവിൽ 7 അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 1959-ലെ നിയമത്തിലെ പോരയ്മകള്‍ പരിഹരിച്ച് പുതിയ വെല്ലുവിളികളെ തരണം ചെയ്യാന്‍ ഉതകുന്ന തരത്തിലുള്ളതാണ് പരിഷ്‌ക്കരിച്ച പതിപ്പ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുമ്പോൾ കാലാവധിയുള്ളതും സാധുതയുള്ളതുമായ പാസ്പോർട്ട് അല്ലെങ്കിൽ സ്വദേശങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്നുള്ള രേഖ കൈവശമുണ്ടായിരിക്കണം എന്നും വ്യവസ്ഥയിൽ പറയുന്നു. എന്നാൽ ജിസിസി പൗരന്മാർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്.

രാജ്യത്തെ പ്രവാസികൾക്ക് കുട്ടി ജനിച്ചാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത പക്ഷം ജനിച്ച് നാലു മാസം വരെയെ കുട്ടിക്ക് കുവൈത്തിൽ തുടരാൻ അനുമതിയുള്ളു. സന്ദര്‍ശക വീസയുടെ കാലാവധി പരമാവധി 3 മാസമായി നിജപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ സന്ദര്‍ശകന്‍ രാജ്യം വിടണം. അല്ലാത്തപക്ഷം സ്‌പോണ്‍സര്‍ക്ക് എതിെര നടപടി ഉണ്ടാകും. വിദേശികളുടെ താമസ രേഖ കാലാവധി പരമാവധി അഞ്ചു വര്‍ഷമാണ്. നിക്ഷേപക വീസയിലുള്ളവര്‍ക്ക് 10 വര്‍ഷം വരെ റസിഡൻസി അനുവദിക്കും.

ഗാര്‍ഹിക വീസകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാജ്യത്തിന് പുറത്ത് 4 മാസത്തിൽ കൂടുതൽ തങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി തേടിയിരിക്കണം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 6 മാസമെന്ന കാലാവധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക തൊഴിലാളി ജോലി വിട്ടു പോയാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്‌പോണ്‍സര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പരാതിപ്പെട്ടിരിക്കണം.

വീസക്കച്ചവടം നടത്തുന്നവര്‍ക്കുള്ള പിഴത്തുകയും തടവു കാലാവധിയും ഉയർത്തിയിട്ടുണ്ട്. റസിഡൻസി രേഖയുടെ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ അല്ലാത്തവരെയോ ജോലിയില്‍ നിയമിച്ചാല്‍ ശിക്ഷ കനക്കും. റസിഡൻസി കാലാവധി കഴിഞ്ഞവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവരും കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.