സ്വന്തം ലേഖകന്‍: ‘ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും ഒരുമിച്ച് നൃത്തം ചെയ്യണം,’ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ദോക് ലായിലെ സ്ഥിതി വീണ്ടും വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സമാധാനത്തിന്റെ സൂചന നല്‍കി വാങ് യിയുടെ വാക്കുകള്‍. ‘ഇന്ത്യയും ചൈനയും ഒന്നിച്ചാല്‍ ഒന്നും ഒന്നും രണ്ട് അല്ല, 11 ആണ്. രാഷ്ട്രീയമായ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ തടയാന്‍ ഹിമാലയത്തിനു പോലുമാകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിലാണു ചൈനയുടെ നിലപാടുകളില്‍ അയവിന്റെ സൂചന തെളിഞ്ഞത്. ‘ഇന്ത്യയും ചൈനയും പരസ്പരം സംശയം വച്ചുപുലര്‍ത്താതെ, അഭിപ്രായഭിന്നതകള്‍ പറഞ്ഞു തീര്‍ത്തു ബന്ധം മെച്ചപ്പെടുത്തണം’ എന്നു ചോദ്യത്തിനു മറുപടിയായി വാങ് യി പറഞ്ഞു.
ചൈനയില്‍ നിര്‍ണായക രാഷ്ട്രീയമാറ്റങ്ങള്‍ വരാനിരിക്കുന്നതിനു തൊട്ടുമുന്‍പാണു വിദേശകാര്യമന്ത്രി രണ്ടര മണിക്കൂര്‍ നീണ്ട പത്രസമ്മേളനം നടത്തിയത്. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് കാലപരിധിയില്ലാതെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അവസരം നല്‍കുന്നതടക്കമുള്ള നിയമപരിഷ്‌കാരങ്ങളാണു ചൈനയില്‍ വരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രപദവിയായ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണു വാങ് യി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയ വാങ് ഇത്തവണ ചോദ്യങ്ങള്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു. ഇരുരാജ്യങ്ങളും ജനങ്ങളും അവിശ്വാസം വച്ചുപുലര്‍ത്താതെ ഒരുമിച്ചു നില്‍ക്കണം എന്നതില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയ വാങ്, ഇതേസമയം, ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഇന്ത്യ–പസഫിക് സഖ്യതന്ത്രത്തെ തള്ളിപ്പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല