1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. ഇന്ത്യ ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന്‌ 346 റണ്‍സെന്ന നിലയിലാണ്‌. രാഹുല്‍ ദ്രാവിഡിന്റെ 36 ാം ടെസ്‌റ്റ് സെഞ്ചുറിയാണ്‌ മികച്ച സ്‌കോറിലേക്കുള്ള പ്രയാണം സുഗമമാക്കിയത്‌.

73 റണ്‍സുമായി വി.വി.എസ്‌. ലക്ഷ്‌മണ്‍ ക്രീസിലുണ്ട്‌. ഇന്നലത്തെ കളിയവസാനിക്കാന്‍ മൂന്ന്‌ ഓവര്‍ ബാക്കി നില്‍ക്കെയാണു ദ്രാവിഡ്‌ പുറത്തായത്‌. അവസാന പന്തില്‍ രാത്രി കാവല്‍ക്കാരനായെത്തിയ ഇഷാന്ത്‌ ശര്‍മയും പുറത്തായി. ഈഡന്‍ഗാര്‍ഡന്‍സില്‍ ദ്രാവിഡ്‌ സ്വന്തമാക്കുന്ന നാലാമത്തെ സെഞ്ചുറിയാണിത്‌. 207 പന്തില്‍ ഒന്‍പതു ഫോറുകളും രണ്ട്‌ സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ദ്രാവിഡിന്റെ ഇന്നിംഗ്‌സ്.

ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി ബാറ്റിംഗിനായിരുന്നു താല്‍പര്യപ്പെട്ടത്‌. ഓപ്പണിംഗ്‌ വിക്കറ്റില്‍ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ഇന്ത്യക്ക്‌ ഗംഭീര തുടക്കം നല്‍കി. ട്വന്റി20 ശൈലിയില്‍ ബാറ്റ്‌വീശിയ അവര്‍ 12.1 ഓവറില്‍ സ്‌കോര്‍ 66 കടത്തി. 33 പന്തില്‍ എട്ടു ഫോറുകളുടെ അകമ്പടിയോടെ 38 റണ്‍സെടുത്ത സേവാഗാണ്‌ ആദ്യം പുറത്തായത്‌. സേവാഗിനെ വിന്‍ഡീസ്‌ നായകന്‍ ഡാരന്‍ സാമിയുടെ പന്തില്‍ അഡ്രിയാന്‍ ബാരാത്‌ പിടികൂടി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ഒന്നിന്‌ 132 റണ്‍സെന്ന നിലയിലായിരുന്നു. 103 പന്തില്‍ 65 റണ്‍സെടുത്ത ഗംഭീറിനായിരുന്നു അടുത്ത ഊഴം. എട്ടു തവണ പന്ത്‌ അതിര്‍ത്തി കടത്തിയ ഗംഭീറിനെ ഫിഡല്‍ എഡ്‌വേഡ്‌സ് ബാരാതിന്റെ കൈയിലെത്തിച്ചു. 17 ാം തവണയാണു ഗംഭീര്‍ ടെസ്‌റ്റില്‍ അര്‍ധ സെഞ്ചുറി നേടുന്നത്‌. നൂറാം സെഞ്ചുറിയെന്ന ലക്ഷ്യവുമായെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരാധകരെ ഇന്നലെയും നിരാശപ്പെടുത്തി. പരിചയ സമ്പന്നനായ സച്ചിന്‍ പരിചയം കുറഞ്ഞ വിന്‍ഡീസ്‌ ബൗളിംഗ്‌ നിരയെ തകര്‍ത്തു സെഞ്ചുറി നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സച്ചിന്‍ ബൗളര്‍മാരെ അനായാസം നേരിടാന്‍ തുടങ്ങിയതോടെ ഈഡന്‍ഗാര്‍ഡന്‍സിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. കളിയുടെ ഗതിക്കു വിപരീതമായി 52 ാം ഓവറില്‍ സച്ചിന്‍ പുറത്തായതു ശരിക്കും ഞെട്ടിച്ചു.

ലെഗ്‌സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിന്റെ ഷോര്‍ട്ട്‌ പിച്ച്‌ പന്ത്‌ പുള്‍ ചെയ്യാനുള്ള സച്ചിന്റെ ശ്രമം മിഡ്‌വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ കൈയിലാണ്‌ അവസാനിച്ചത്‌. 71 പന്തുകള്‍ നേരിട്ട സച്ചിന്‍ അഞ്ചു ഫോറുകളടക്കം 38 റണ്‍സെടുത്തു. എട്ടു മാസം മുന്‍പ്‌ ലോകകപ്പ്‌ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണു സച്ചിന്‍ അവസാനമായി സെഞ്ചുറിയടിച്ചത്‌. വ്യക്‌തിഗത സ്‌കോര്‍ 25 ല്‍ നില്‍ക്കുമ്പോള്‍ ബിഷുവിന്റെ ശക്‌തമായ എല്‍.ബി. അപ്പീലിനെ സച്ചിന്‍ അതീജിവിച്ചിരുന്നു. തുടര്‍ന്നാണു ദ്രാവിഡും ലക്ഷ്‌മണും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ട്‌ പിറക്കുന്നത്‌.

നാലാം വിക്കറ്റില്‍ അവര്‍ 140 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്നലെ ആക്രമണ മനോഭാവത്തിലായിരുന്നു. 47 ാം ഓവറിലാണ്‌ വിന്‍ഡീസിന്‌ മെയ്‌ഡ്ന്‍ എറിയാന്‍ കഴിഞ്ഞത്‌. സാമി ഒരുക്കിയ ഫീല്‍ഡിംഗും ബാറ്റ്‌സ്മാന്‍മാരെ തളയ്‌ക്കാനായില്ല. കളിയുടെ അവസാന സെഷനില്‍ ദ്രാവിഡിനെയും ഇഷാന്തിനെയും മടക്കാന്‍ കഴിഞ്ഞതു മാത്രമാണു വിന്‍ഡീസിനു നേട്ടമായി ചൂണ്ടിക്കാണിക്കാനുള്ളത്‌.

സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ- ഗംഭീര്‍ സി ബാരാത്‌ ബി എഡ്‌വേഡ്‌സ് 65, സേവാഗ്‌ സി ബാരാത്‌ ബി സാമി 38, ദ്രാവിഡ്‌ ബി ബ്രാത്‌വെയ്‌റ്റ് 119, സച്ചിന്‍ സി സാമുവല്‍സ്‌ ബി ബിഷു 38, ലക്ഷ്‌മണ്‍ നോട്ടൗട്ട്‌ 73, ഇഷാന്ത്‌ സി ബോ ബി റോച്ച്‌ 0. എക്‌സ്ട്രാസ്‌: 13. ആകെ(87.3 ഓവറില്‍) അഞ്ചിന്‌ 346. വിക്കറ്റ്‌വീഴ്‌ച: 1-66, 2-149, 3-205, 4-345, 5-346. ബൗളിംഗ്‌: എഡ്‌വേഡ്‌സ് 13-0-45-1, സാമി 14-0-78-1, റോച്ച്‌ 15.3-1-57-1, സാമുവല്‍സ്‌ 16-0-65-0, ബിഷു 27-1-87-1, ബ്രാത്‌വെയ്‌റ്റ് 2-0-9-1.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.