അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് ബി.സി.സി.ഐ ശുപാര്‍ശ ചെയ്യും. യുവരാജ് സിങിനെ അര്‍ജുന പുരസ്‌ക്കാരത്തിനു നാമനിര്‍ദേശം ചെയ്യാനും തീരുമാനമായി.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലുമായി 23000 റണ്‍സിന്റെ നേട്ടവുമായാണ് കഴിഞ്ഞ വര്‍ഷം ദ്രാവിഡ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞവര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയ്ക്കുശേഷമാണ് ദ്രാവിഡ് കളിയില്‍നിന്ന് വിരമിച്ചത്.
രാഹുല്‍ ഖേല്‍രത്‌ന പുരസ്‌കാരം നേടുകയാണെങ്കില്‍, ക്രിക്കറ്റില്‍നിന്ന് അത് കൈവരിക്കുന്ന മൂന്നാമത്തെ താരമായി ദ്രാവിഡ് മാറും. ക്രിക്കറ്റില്‍ ഇതിനു മുന്‍പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1997-98), മഹേന്ദ്രസിങ് ധോണി(2007-08) എന്നിവര്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ ഖേല്‍രത്‌ന ലഭിച്ചിട്ടുള്ളത്.
നേരത്തേ, നിശ്ചിത സമയപരിധിക്കുള്ളില്‍ ക്രിക്കറ്റ് താരങ്ങളെയാരെയും ശുപാര്‍ശ ചെയ്യാതിരുന്ന ബി.സി.സി.ഐ.യുടെ നടപടി വിവാദമായിരുന്നു. അടുത്ത ആഴ്ച താരങ്ങളുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്ന് ബി.സി.സി.ഐ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രത്‌നാകര്‍ ഷെട്ടി പറഞ്ഞു.
കായിക ബഹുമതികള്‍ക്കുള്ള പേരുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ജൂലായ് 20 ആണ് അവസാന തീയതി. ക്രിക്കറ്റില്‍നിന്ന് ഇതേവരെ 44 താരങ്ങള്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല