വെയില്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ ഒരാളിലായിരിക്കും- ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡില്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ ദ്രാവിഡിന്റെ അവസാന ഏകദിന മത്സരമാണു നാളെ കാര്‍ഡിഫില്‍ നടക്കുന്നത്.
ഇംഗ്ളണ്ടിനെതിരായ ടെസ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലായിരുന്ന ദ്രാവിഡ് പക്ഷേ, ഏകദിന പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും അമ്പേ പരാജയമായിരുന്നു. നാലു മത്സരങ്ങളില്‍നിന്ന് കേവലം 55 റണ്‍സ്മാത്രമാണ് ഇന്ത്യയുടെ ഈ വിശ്വസ്ത ബാറ്റ്സ്മാനു നേടാനായത്. 343 ഏകദിനം കളിച്ച ദ്രാവിഡ് 39.06 ശരാശരിയില്‍ 10,820 റണ്‍സ് നേടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഏകദിന ടീമിന്റെ പടിക്കുപുറത്തായിരുന്ന ദ്രാവിഡിനെ ഇംഗ്ളണ്ട് പര്യടനത്തില്‍ മടക്കി വിളിക്കുകയായിരുന്നു. ഇംഗ്ളീഷ് സാഹചര്യത്തില്‍ യുവകേസരികള്‍ വിയര്‍ക്കുന്നു എന്നുകണ്ടാണ് ടീം മാനേജ്മെന്റ് ദ്രാവിഡിനെ തിരിച്ചുവിളിച്ചത്. എന്നാല്‍, തന്നെ ഇത്രയും കാലം അപമാനിച്ച് ടീമിനു വെളിയില്‍ നിര്‍ത്തിയ അധികൃതര്‍ക്ക് ദ്രാവിഡ് നല്‍കിയത്, ഈ പരമ്പരയ്ക്കുശേഷം താന്‍ ഏകദിനത്തില്‍നിന്നു വിരമിക്കുമെന്ന സന്ദേശമാണ്.
വീരോചിതമായ വിടവാങ്ങല്‍ സാഹചര്യമാണ് ഇതിലൂടെ ദ്രാവിഡിനു കൈവന്നത്. എന്നാല്‍, ടീം എട്ടുനിലയില്‍ പൊട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഒരു വിജയം ദ്രാവിഡിനു പാരിതോഷികമായി സമര്‍പ്പിക്കാന്‍ ധോണിക്കും സംഘത്തിനുമാകുമോ എന്നത് കണ്ടറിയണം. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയാണ് പിന്നീടു ധോണിക്കുവന്നുചേര്‍ന്നത്. ഒടുവില്‍, ദ്രാവിഡിനു ധോണിയുടെ കീഴില്‍ യാത്രയയപ്പും.
ഇന്ത്യയുടെ നിരവധി ഏകദിനവിജയങ്ങളില്‍ നിര്‍ണായകമായത് രാഹുല്‍ദ്രാവിഡിന്റെ പ്രകടനമാണ്. ടീമിലെ സൂപ്പര്‍താരങ്ങള്‍ വന്‍സ്കോറുകള്‍ നേടുമ്പോള്‍ പലപ്പോഴും അവര്‍ക്ക് പിന്തുണയായത് ദ്രാവിഡിന്റെ ഇന്നിംഗ്സുകളാണ്. സച്ചിനോടൊപ്പം നിരവധി ഇന്നിംഗ്സുകള്‍ കെട്ടിപ്പടുത്ത ദ്രാവിഡ് അദ്ദേഹത്തോടൊപ്പം ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയ താരങ്ങളിലൊരാളാണ്. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് (331) എന്ന റിക്കാര്‍ഡ് ദ്രാവിഡ്- സച്ചിന്‍ ദ്വയത്തിനാണ്.
1973 ജനുവരി 11ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച ദ്രാവിഡ് കര്‍ണാടകയില്‍ സ്ഥിരതാമസമാക്കി. 1996ല്‍ സിംഗപ്പൂരില്‍ ശ്രീലങ്കയ്ക്കെതിരേയാണ് ദ്രാവിഡിന്റെ ഏകദിന അരങ്ങേറ്റം. 12 സെഞ്ചുറികളും 82 അര്‍ധസെഞ്ചുറികളും നേടിയ ദ്രാവിഡിന്റെ ഉയര്‍ന്ന സ്കോര്‍ 153 റണ്‍സാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല