സ്വന്തം ലേഖകന്‍: ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായ ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുളള നാല്‍ഗൊണ്ടയിലെ കട്ടന്‍ഗൂര്‍ വില്ലേജിലാണ് രാജമൗലി തന്റെ സ്വപ്ന ഭവനം പണിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ട് ഡയറക്ടറുമായ രവീന്ദര്‍ റെഡ്ഡിയെയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വീടിനു ചുറ്റും നിറയെ മരങ്ങള്‍ ഉണ്ടാകും. മാവ്, നാരകം, തെങ്ങ് തുടങ്ങിയ പല തരത്തിലുളള ഫല വൃക്ഷങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടു മുറികള്‍, ഒരു വലിയ ഹാള്‍, തുറന്ന അടുക്കള എന്നിവ വീടിനുണ്ടായിരിക്കും. വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിരിക്കും. പക്ഷേ ആഡംബരം നിറഞ്ഞ ഒന്നുമുണ്ടായിരിക്കില്ല. ബ്രൗണ്‍, മെറൂണ്‍, പച്ച എന്നീ നിറങ്ങളായിരിക്കും ഉപയോഗിക്കുക.
തേക്കിന്റെ തടി ഉപയോഗിച്ചായിരിക്കും ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുക. ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന കല്ലുകള്‍ ഹംപിയില്‍നിന്നും കൊണ്ടുവരും. 100 ഏക്കര്‍ സ്ഥലമാണ് വീട് പണിയാനായി വാങ്ങിയിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിക്കറ്റ് മൈതാനം, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് എന്നിവയ്ക്കു പുറമേ കാരംസ് പോലുളള മറ്റു കളികള്‍ക്കായി പ്രത്യേക സ്ഥലം ഒരുക്കും. വീടിനോടു ചേര്‍ന്ന് ഫാം ഹൗസും ഉണ്ടായിരിക്കും.
കുടുംബത്തെ കൂടുതല്‍ സ്‌നേഹിക്കുന്ന വ്യക്തിയാണ് രാജമൗലി. അവരോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണെങ്കിലും വളരെ ലാളിത്യമുള്ള വ്യക്തിയായാണ് രാജമൗലി അറിയപ്പെടുന്നത്. പാര്‍ട്ടികളൊന്നും പ്രത്യക്ഷപ്പെടാത്ത അദ്ദേഹം കുടുംബത്തോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല