സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ ആസ്ഥാനദേവാലയമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇനിമുതല്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ ആരാധനാലയത്തിന്റെ പവിത്രതയ്‌ക്ക് യോജിച്ച വസ്‌ത്രങ്ങള്‍ ധരിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ ദേവാലയത്തില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്താന്‍ ഇടയാകുന്ന സാഹചര്യവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചുകൊണ്ട് വികാരി റവ. ഡോ. ജോസ് ചിറമ്മേല്‍ എഴുതിയ പ്രത്യേക സര്‍ക്കുലര്‍ ഇടവകയിലെ 33 കുടുംബയൂണിറ്റുകളിലും വായിച്ച് വിചിന്തനം ചെയ്‌തു. ഇടവകയിലെ 1800 കുടുംബങ്ങളിലും കത്ത് എത്തിക്കഴിഞ്ഞു.
ഡ്രസ്‌കോഡ് നിര്‍ദ്ദേശിക്കുന്ന കത്ത് എഴുതാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. വ്യവസായ നഗരമായ കൊച്ചിയിലെ പ്രധാന ദേവാലയമാണ് സെന്റ് മേരീസ് ബസിലിക്ക. ചരിത്ര പ്രാധാന്യവും ഉറച്ച ആധ്യാത്മിക ചൈതന്യവും ഈ ഇടവകയ്‌ക്കുണ്ട്. ആധ്യാത്മിക ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും തീക്ഷ്‌ണത പുലര്‍ത്തുന്നവരാണ് ദൈവജനം. എന്നാല്‍ ചുരുക്കം ചില വ്യക്തികളുടെ വസ്‌ത്രധാരണരീതിയിലെ അപാകതകളെക്കുറിച്ച്, ദേവാലയത്തിന്റെ പരിശുദ്ധിക്ക് ചേരാത്ത വസ്‌ത്രങ്ങള്‍ ധരിച്ച് എത്തുന്ന കാര്യം ഇടവകാംഗങ്ങള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. ഈ കുട്ടികളും സ്‌ത്രീകളുമൊക്കെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച് മടങ്ങുമ്പോള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത. പ്രാര്‍ത്ഥനാന്തരീക്ഷത്തിന് യോജിക്കാത്തതാണെന്ന നിരീക്ഷണമാണ് അവര്‍ അറിയിച്ചത്. വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ഇവര്‍ അള്‍ത്താരയിലേക്ക് വരാതിരിക്കാന്‍, അച്ചന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരണമെന്നുപോലും പ്രായമായവര്‍ നിര്‍ദേശിച്ചു. മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശനവസ്‌തുക്കളായി മാറാന്‍ ആഗ്രഹിക്കുന്നവരെ ദേവാലയത്തില്‍ നിയന്ത്രിക്കണമെന്ന് പലഭാഗത്തുനിന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.
യൂണിറ്റുയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചാവിധേയമായി. എല്ലാ യൂണിറ്റുകളിലും ചിന്തിച്ച് കേന്ദ്രസമിതിയും പാരീഷ് കൗണ്‍സിലും ഐകകണ്‌ഠേന ഉറച്ച നിലപാടു സ്വീകരിക്കാന്‍ വികാരിയച്ചനോട് ആവശ്യപ്പെട്ടു.ഫൊറോനയിലെ വൈദികകൂട്ടായ്‌മകളില്‍ ഈ ആശയം പങ്കുവച്ചപ്പോഴും ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. നിരവധി ഇടവകവൈദികര്‍ക്ക് ആധുനിക വസ്‌ത്രധാരണരീതികണ്ട് മനം മടുത്തിരുന്നു. പലതവണ പറഞ്ഞിട്ടും കാര്യമായ മാറ്റം വരാത്ത കാര്യവും വേദനയോടെ പറഞ്ഞതോര്‍ക്കുന്നു. എവിടെയെങ്കിലും ഒരു തുടക്കം ആവശ്യമല്ലേ? അതുകൊണ്ടാണ് മാര്‍ തോമസ് ചക്യത്ത് പിതാവിന്റെ നിര്‍ദ്ദേശത്തോടുകൂടി ഇങ്ങനെയൊരു സര്‍ക്കുലര്‍ തയാറാക്കിയത്, അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ക്ക് പൊതുവായ ഒരു അംഗീകൃത വേഷവിധാനമില്ല. ഇപ്രകാരം ഉണ്ടെങ്കില്‍ അത് സംഘടിത സമൂഹങ്ങള്‍ക്കും സന്യസ്‌തര്‍ക്കും മറ്റുമാണ്. വിവിധ രാജ്യങ്ങളിലും വിവിധ പ്രദേശങ്ങളിലും പ്രാദേശികമായി ചില വസ്‌ത്രധാരണ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഈ വഴിക്കുള്ള ആദ്യശ്രമം നടന്നത് മുംബൈ അതിരൂപതയിലാണ്. ദേവാലയത്തിന്റെ പരിശുദ്ധിക്ക് നിരക്കാത്ത വേഷവിധാനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ട് മുംബൈ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ജൂവാന്‍ ഡയസ് 2005-ല്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ അഞ്ചുലക്ഷത്തോളം വരുന്ന കത്തോലിക്കര്‍ സ്വീകരിച്ചു. കേരളസഭയില്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുളള ദേവാലയങ്ങള്‍ ഉള്ളതായി അറിവില്ലെന്ന് ഫാ. ചിറമ്മേല്‍ പറഞ്ഞു. എന്നാല്‍ അരനൂറ്റാണ്ട് മുമ്പ് എറണാകുളം അതിരൂപതയില്‍ മാര്‍ അഗസ്റ്റ്യന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത, സ്‌ത്രീകള്‍ക്ക് വസ്‌ത്രധാരണത്തിന് ഒരു മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന അവസരങ്ങളില്‍ സ്‌ത്രീകള്‍ നീണ്ട കൈയുറകള്‍ ധരിച്ച് ഭുജങ്ങള്‍ മറച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ശിരോവസ്‌ത്രം ധരിക്കുന്നത് പതിവായിരുന്നതുകൊണ്ട് അക്കാര്യം പറയേണ്ടിവന്നില്ല. കൈയുറയും ശിരോവസ്‌ത്രവും ധരിക്കാത്തവര്‍ക്ക് വിശുദ്ധ കുര്‍ബാന നല്‌കിയിരുന്നില്ല. ദേവാലയത്തില്‍നിന്ന് മടങ്ങുന്ന സ്‌ത്രീകള്‍ കൈയുറ ഊരിക്കൊണ്ടുപോകുമായിരുന്നത്രേ. ഡ്രസ്‌കോഡിന്റെ ആരംഭം കുറിച്ച സംഭവമെന്ന് ഈ പഴയസംഭവത്തെ വിശേഷിപ്പിക്കാം.
സിനിമാതീയറ്ററിലേക്കോ കച്ചവടസ്ഥാപനങ്ങളിലേക്കോ മക്കളെ വിടുന്നതുപോലെ ആയിരിക്കരുത് ദേവാലയത്തിലേക്ക് അയക്കുന്നത്. ദൈവത്തിന്റെ സജീവസാന്നിധ്യമുള്ള ദേവാലയങ്ങളിലേക്കാണെന്നുള്ള ചിന്ത കുട്ടികളില്‍ വളര്‍ത്തണം. വൃത്തിയായും മോടിയായും വസ്‌ത്രങ്ങള്‍ ധരിപ്പിച്ച് വിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു.
ഇറക്കം വളരെ കുറഞ്ഞതും ഇറുകിയതും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്‌ത്രധാരണം ഒഴിവാക്കുക, പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവര്‍, വിശേഷിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വരുമ്പോള്‍ നെറ്റോ, ഷാളോ ശിരോവസ്‌ത്രമായി ഉപയോഗിക്കുക.
സാരി ധരിക്കുന്നവര്‍ സാരിത്തലപ്പ് തലയില്‍ ഇടുക, തലയോട്, പോത്തിന്റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ത്ഥ സൂചനകളുള്ള വാചകങ്ങള്‍ ആലേഖനം ചെയ്‌തിട്ടുള്ളതുമായ ടീഷര്‍ട്ടുകള്‍ ഒഴിവാക്കുക എന്നിവയെല്ലാം ഇടവകജനങ്ങള്‍ക്ക് നല്‌കിയ നിര്‍ദേശങ്ങളില്‍ പെടുന്നു. സീറോമലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതിയുടെ വൈസ് പ്രസിഡന്റുകൂടിയാണ് ഫാ. ചിറമ്മേല്‍.
Curtsey :pravasichannel.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല