സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളിലെ പ്രവാസി വനിതാ ജീവനക്കാര്‍ തൊഴില്‍ അന്തരീക്ഷത്തിന് അനുയോജ്യമായ തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കണം. ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രധാരണം വേണ്ടെന്നും നിര്‍ദേശം. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശി, പ്രവാസി ഉദ്യോഗസ്ഥര്‍ ഓഫിസ് സമയങ്ങളില്‍ ധരിക്കേണ്ട വസ്ത്രധാരണശൈലി സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് അധികൃതര്‍.
രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ധരിക്കേണ്ട വസ്ത്രധാരണ രീതികള്‍ സംബന്ധിച്ച് കാബിനറ്റ് കാര്യ മന്ത്രിയുടെ ഓഫിസാണ് സര്‍ക്കുലര്‍ ഇറക്കിയത്. വേനല്‍ക്കാലത്തും ശൈത്യകാലത്തും പ്രത്യേകം വസ്ത്രധാരണശൈലിയാണ് 2024 ലെ 13-ാം നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രവാസികളായ പുരുഷ ജീവനക്കാര്‍ സ്യൂട്ടും ഷര്‍ട്ടും ടൈയും ഉള്‍പ്പെടെ ഫോര്‍മല്‍ ഡ്രസ് വേണം ധരിക്കാന്‍. ഇരുണ്ട നിറങ്ങളിലുള്ള സ്യൂട്ട് ആയിരിക്കണം. സ്യൂട്ടിന് അനുയോജ്യമായ ടൈ വേണം ധരിക്കാന്‍. വനിതാ ഉദ്യോഗസ്ഥര്‍ തൊഴില്‍ അന്തരീക്ഷത്തിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ.
ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ പാടില്ല. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. മേക്ക് അപ്പും ഉചിതമായിരിക്കണം. ആരോഗ്യകരമായ കാരണങ്ങളാല്‍ അല്ലാതെ സ്‌പോര്‍ട്‌സ് ഷൂ ധരിക്കാനും പാടില്ല. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സുതാര്യവും ഇറുകിയതുമായ വസ്ത്രങ്ങള്‍ പാടില്ല.
ചെയിനുകള്‍, ലോഗോകള്‍ എന്നിവ ഘടിപ്പിച്ച വസ്ത്രങ്ങളും പാടില്ല. അനുചിതമായ ഹെയര്‍ സ്റ്റൈല്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്വദേശി പുരുഷന്മാര്‍ പരമ്പരാഗത വസ്ത്രമാണ് (തോബ്, ഗുത്ര, ബിഷ്ത്, ഇഗാല്‍) ധരിക്കേണ്ടത്. ഔദ്യോഗിക പരിപാടികളുടെ സമയമനുസരിച്ച് ബിഷ്തിന്റെ നിറത്തിലും വ്യത്യാസമുണ്ട്. വനിതകള്‍ പരമ്പരാഗത വസ്ത്രമായ അബായയും ഹിജാബും ഉചിതമായ രീതിയില്‍ തന്നെ ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല