ലണ്ടന്‍ : വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അതിവേഗത്തില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയടക്കം മൂന്നു പേര്‍ക്ക് സാരമായി പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാറിന്റെ ഡ്രൈവറായ കെയ്‌റന്‍ മൂര്‍ ഹഗ്‌സ് (25) ആണ് മരിച്ചത്.
ഷ്രോപ്‌ഷെയറിലെ എ49 പാതയിലാണ് അപകടം നടന്നത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിതവേഗത്തില്‍ പാഞ്ഞെത്തിയ നീല വോക്‌സ് വാഗന്‍ ഗോള്‍ഫ് ജിടിഐ കാര്‍ രോഗിയുമായി പോവുകയായിരുന്ന അംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂര്‍ ഹഗ്‌സ് സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. കാറിലുണ്ടായിരുന്ന മൂര്‍ ഹഗ്‌സിന്റെ കാമുകി ഗുരുതരമായ പരുക്കകളോടെ ആശുപത്രിയിലാണ്. കാര്‍ വെട്ടിപൊളിച്ച് പുറത്തെടുത്ത ഇവരെ വ്യോമമാര്‍ഗ്ഗമാണ് സ്‌റ്റോകിലെ ആശുപത്രിയിലെത്തിച്ചത്.
ഇരുപതുകാരിയായ ഇവരുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാമുകിയെ ഇംപ്രസ് ചെയ്യാനായി മണിക്കൂറില്‍ 100 മൈല്‍ സ്പീഡില്‍ മൂര്‍ ഹഗ്സ് കാറോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നിഗമനം.
അപകടത്തില്‍ ആംബുലന്‍സും പൂര്‍ണ്ണമായി തകര്‍ന്നു. ഉളളില്‍ കുടുങ്ങിപോയ ആംബുലന്‍സ് ഡ്രൈവറെ രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് പോലീസ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇയാളേയും വ്യോമമാര്‍ഗ്ഗം പോലീസ് ബര്‍മ്മിംഗ്ഹാമിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് പാരാമെഡിക്കല്‍ സംഘമെത്തി പരിശോധിച്ച ശേഷം ഇവരെ റോയല്‍ ഷ്രൂസ്‌ബെറി ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല