സ്വന്തം ലേഖകൻ: സൗദിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ 500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ വകുപ്പ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വാഹനം ഓടിക്കുന്ന ഡ്രൈവർമാർ നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയത്. മൊബൈൽ ഫോണും കയ്യിൽപിടിച്ച് വാഹനം ഓടിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് അധികൃതർ നേരത്തെ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
രാജ്യത്തെ സ്വദേശികളും പ്രവാസികളും ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും നിർബന്ധമായും പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഗതാഗത ലംഘനം രേഖപ്പെടുത്താൻ രാജ്യത്തുടനീളമായി സെൻസറുകളും റഡാറുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല