1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2024

സ്വന്തം ലേഖകൻ: ഇപ്രാവശ്യം കടന്നുപോകുന്നത് ‘ചൂടേറിയ’ ബലിപെരുന്നാൾ. ഇന്നലെ യുഎഇ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി – താപനില 49.4 ഡിഗ്രി സെൽഷ്യസ്. ഇന്നലെയാണ് ഗൾഫിൽ ഒമാനിൽ ഒഴികെയുള്ള രാജ്യങ്ങൾ ബലിപെരുന്നാൾ ആഘോഷിച്ചത്. ദേശീയ കാലാവസ്ഥാ കേന്ദ്ര(നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി)ത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്.

ഉച്ചയ്ക്ക് 2.45ന് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴയും പെയ്തു. ഇന്ന് (17) കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ജൂൺ ആദ്യവാരം രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലുകളും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തിൽ വേനൽക്കാലത്ത് ആലിപ്പഴം അസാധാരണമല്ല.

ഉപരിതല ഊഷ്മാവ് ചൂടേറിയിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പക്ഷേ അന്തരീക്ഷം ഇപ്പോഴും മഞ്ഞുവീഴ്ചയെ പിന്തുണയ്ക്കാൻ തക്ക തണുപ്പാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയിരുന്നു. അബുദാബിയിൽ ഉച്ചയ്ക്ക് 2:45 ന് മെർക്കുറി 50.8 ഡിഗ്രി സെൽഷ്യസിൽ എത്തുകയുണ്ടായി. 2023 ജൂലൈ ആദ്യം താപനില ആദ്യമായി 50º സെൽഷ്യസ് കവിഞ്ഞു.

ജൂലൈ 15, 16 തീയതികളിൽ ബദാ ദഫാസിൽ (അൽ ദഫ്ര മേഖല) തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മെർക്കുറി 50.1 ഡിഗ്രി സെൽഷ്യസിൽ എത്തി. കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ നിയമം കമ്പനികൾ നടപ്പിലാക്കുന്നുണ്ടോ എന്നറിയാൻ അധികൃതർ കർശന പരിശോധനയും നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.