സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് ചെയ്ത കാര്‍ഡ് അനുവദിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ ലൈസന്‍സിനോടൊപ്പം കാര്‍ഡ് രൂപത്തിലുള്ള സാധാരണ ലൈസന്‍സും നല്‍കണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനം. ലൈസന്‍സ് കാര്‍ഡിന് 10 മുതല്‍ 30 ദിനാര്‍ വരെ ഫീസ് നല്‍കേണ്ടിവരുമെന്നാണ് സൂചന.
കരമാര്‍ഗം കുവൈത്തില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ സുരക്ഷാ പരിശോധനകളുടെ ഭാഗമായി ഹാജരാക്കുന്നതിന് മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ലൈസന്‍സ് മതിയാവില്ല എന്നതിനാലാണിത്. കുവൈത്ത് മൊബൈല്‍ ഐഡി ആപ്പില്‍ നിന്നുള്ള ഡിജിറ്റല്‍ ലൈസന്‍സുകള്‍ ഔദ്യോഗിക രേഖകയായി അംഗീകരിക്കാന്‍ അവിടങ്ങളിലെ ട്രാഫിക് വിഭാഗം വീസമ്മതിക്കുന്നുവെന്നും അതിനാല്‍ ലൈസന്‍സുകള്‍ ഫിസിക്കല്‍ കാര്‍ഡ് രൂപത്തില്‍ കൂടി നല്‍കണമെന്നും ചൂണ്ടിക്കാട്ടി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെ പ്രവാസികള്‍ നേരത്തേ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വാങ്ങി ഫിസിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
അതേസമയം, കുവൈത്ത് മൊബൈല്‍ ഐഡി ആപ്പിലെ ഡിജിറ്റല്‍ ലൈസന്‍സുകള്‍ കുവൈത്തിലെ ട്രാഫിക്, സെക്യൂരിറ്റി പട്രോളിംഗുകള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. ഫിസിക്കല്‍ ഐഡി ലൈസന്‍സുകള്‍ പ്രിന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചിലവുകള്‍ക്കായാണ് സേവനത്തിന് ഫീസ് ഈടാക്കുന്നത്.
കൂടാതെ, എല്ലാ പ്രവാസി ലൈസന്‍സുകളും ഒരു വര്‍ഷത്തേക്ക് മാത്രമേ ഇഷ്യൂ ചെയ്യുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. പുതുതായി കാര്‍ഡ് രൂപത്തില്‍ നല്‍കിയാലും അതിന് വര്‍ഷത്തേക്ക് മാത്രമേ സാധുതയുണ്ടാവുകയുള്ളൂ എന്നും കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ‘കുവൈത്ത് മൊബൈല്‍ ഐഡി’ ആപ്പില്‍ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും സാധുതയുള്ളതാണെന്നും ഉറപ്പാക്കാന്‍ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കി.
ആഭ്യന്തര മന്ത്രാലയം കുവൈത്ത് പൗരന്മാര്‍ക്ക് ഫിസിക്കല്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുമ്പോള്‍ പ്രവാസികള്‍ നിലവില്‍ ആശ്രയിക്കുന്നത് ‘കുവൈത്ത് മൊബൈല്‍ ഐഡി’ ആപ്പ് വഴി ലഭ്യമാകുന്ന ഡിജിറ്റല്‍ ലൈസന്‍സുകളെയാണ്. ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ ബുക്കും പരിശോധനാ കാമ്പെയ്നുകളുടെ സമയത്തോ അല്ലെങ്കില്‍ എമര്‍ജന്‍സി, ട്രാഫിക്, സെക്യൂരിറ്റി പട്രോളിംഗ് സമയത്തോ ആപ്പ് വഴിയാണ് നിലവില്‍ പരിശോധിച്ചുറപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല