സ്വന്തം ലേഖകന്‍: ‘സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട,’ ബ്രിട്ടനില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പമാക്കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴ ഈടാക്കുന്നതിന് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനമെങ്കിലും വര്‍ദ്ധിക്കാനോ ഇന്‍ഷുറന്‍സ് കവറേജ് പൂര്‍ണ്ണമായി പിന്‍വലിക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ അപകട സാധ്യത കൂടുതലാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. ഉദാഹരണത്തിന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഒന്‍പതില്‍ അഞ്ച് കമ്പനികളും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിഴ കിട്ടിയ ആള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. കവറേജ് നല്‍കാന്‍ തയ്യാറുള്ളവരാകട്ടെ പ്രീമിയം ശരാശരി 542.98 പൗണ്ട് വര്‍ദ്ധിപ്പിച്ചാണ് ഈടാക്കുകയെന്ന നിബന്ധന വച്ചു.
അഞ്ച് വര്‍ഷത്തേക്കാണിത്. ഇതോടെ ശരാശരി കുറ്റം പിടിക്കപ്പെടുന്നവര്‍ക്ക് വരുന്ന ചെലവ് പിഴ ഉള്‍പ്പെടെ 743 പൗണ്ടാകും. ക്ലീന്‍ ലൈസന്‍സുള്ളവര്‍ക്ക് 399.77 പൗണ്ട് പ്രീമിയമാണ് ഈടാക്കുന്നത്. ട്രാഫിക് പിഴകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. നിലവില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റുമാണ് ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല