1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെത്തിയപ്പോഴാണ് മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ സമാജം കോർ കമ്മിറ്റി അംഗവുമായ രാജേഷ് കോടോത്ത് നിവേദനം നൽകിയത്.

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മന്ത്രി വേദിയിൽ വച്ച് തന്നെ പ്രഖ്യാപിച്ചു. നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. പ്രവാസികൾ ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തുമ്പോൾ ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള അപേക്ഷ നൽകിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞുള്ള ടെസ്റ്റ് തീയതിയാണ് ഇപ്പോൾ ലഭിക്കുന്നത്.

അപ്പോഴേക്കും പ്രവാസികൾക്ക് അവധികഴിഞ്ഞു മടങ്ങിപ്പോകേണ്ടിവരുന്നു. ഇങ്ങനെ പല തവണ ഡ്രൈവിങ് ടെസ്റ്റിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും ടെസ്റ്റിന് തീയതി ലഭിക്കാത്തത് കാരണം ഇതുവരെ ലൈസൻസ് എടുക്കുവാൻ സാധിക്കാത്ത നിരവധി ആളുകൾ പ്രവാസലോകത്തുണ്ട്.

ജിസിസി രാജ്യങ്ങളിൽ ഡ്രൈവിങ്ങിൽ വൈദഗ്ദ്ധ്യം നേടിയ പലർക്കും നാട്ടിൽ എത്തിയാൽ അവരുടെ സ്വന്തം വാഹനം ഓടിക്കാൻ പോലും കഴിയാത്ത അവസ്‌ഥയാണ് ഇന്നുള്ളത്. ഒന്നുകിൽ ജിസിസി രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് നാട്ടിൽ നിയമപരമായി വാഹനം ഓടിക്കുവാനുള്ള അനുവാദം നൽകുകയോ അല്ലെങ്കിൽ ഇത്തരം ലൈസൻസുള്ളവർക്ക് ഒരു ‘എക്സ്പ്രസ്’ ടെസ്റ്റ് സംവിധാനം നടപ്പിലാക്കുകയോ ചെയ്യണമെന്നുമുള്ള ആവശ്യത്തിനാണ് മന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തോടെ പരിഹാരമായത്.

പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഒരു തീരുമാനം ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ വച്ച് ഉണ്ടായതിൽ അഭിമാനമുണ്ടെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.