1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അപേക്ഷകരുടെ ഡ്രൈവിങ് നൈപുണ്യം കൃത്യമായി വിലയിരുത്തുന്നതിന് പുതിയ മൂല്യനിര്‍ണയ ഫോം ഉള്‍പ്പെടെ അടങ്ങിയതാണ് പുതിയ രീതി. വാഹന ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ ആധുനിക സംവിധാനം എല്ലാ ആറ് ഗവര്‍ണറേറ്റുകളിലും പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. എല്ലാ സ്വകാര്യ, പൊതു, നിര്‍മാണ വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെ എല്ലാ വാഹന വിഭാഗങ്ങള്‍ക്കും പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി ബാധകമാണ്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമായ അല്‍ ജരീദയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു പ്രകാരം പുതിയ ഡ്രൈവിങ് ടെസ്റ്റ് ഫോര്‍മാറ്റ് ആറ് പ്രധാന ഘട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഈ ഘട്ടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ നിലനിര്‍ത്തുക, നടപ്പാതയോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ ശരിയായി വാഹനം പാര്‍ക്ക് ചെയ്യുക, സിഗ്നലിലെ ചുവന്ന ലൈറ്റില്‍ നിര്‍ത്തുക, നിയന്ത്രിത സ്ഥലത്ത് വാഹനം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുക, സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും നീങ്ങുമ്പോഴും മാനുവല്‍ ട്രാന്‍സ്മിഷന്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നിങ്ങനെയുള്ള ആറ് കാര്യങ്ങളാണ് ഇവാല്വേഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ ഘട്ടത്തിനും ഒരു പ്രത്യേക പോയിന്റ് മൂല്യം നല്‍കിയിട്ടുണ്ട്. ആദ്യ നാല് ഘട്ടങ്ങളില്‍ ഓരോന്നിനും 10 പോയിന്റുകളാണ് നല്‍കുക. ചുവന്ന ലൈറ്റില്‍ കൃത്യമായ സ്ഥലത്ത് വാഹനം നിര്‍ത്തുന്നതിനും നിയന്ത്രിത പ്രദേശങ്ങളില്‍ ശരിയായ രീതിയില്‍ വാഹനം തിരിക്കുന്നതിനും 30 പോയിന്റുകള്‍ വീതവും നല്‍കും. ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിക്കുന്നതിന് അപേക്ഷകര്‍ മൊത്തം 100 പോയിന്റില്‍ 75 പോയിന്റ് എങ്കിലും സ്‌കോര്‍ ചെയ്യണം. 75 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതായി പരിഗണിക്കും. അവര്‍ക്കും വീണ്ടും ടെസ്റ്റിന് അവസരം നല്‍കും.

പുതിയ ഫോം പൂരിപ്പിക്കുന്നതിനും അപേക്ഷകന്റെ പ്രകടനം വിലയിരുത്തുന്നതിനും എക്‌സാമിനര്‍ ഉത്തരവാദിയാണ്. സ്‌കോറുകള്‍ പിന്നീട് പ്രാക്ടിക്കല്‍ ടെസ്റ്റിംഗ് ഓഫീസറും ടെസ്റ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്നു. നേരത്തേ നിലവിലുണ്ടായിരുന്ന ഡ്രൈവിങ് മൂല്യ നിര്‍ണയ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.

നേരത്തേ ഡ്രൈവിങ് ടെസ്റ്റിന് ശേഷം അപേക്ഷകന്‍ വിജയിച്ചു അല്ലെങ്കില്‍ പരാജയപ്പെട്ടു എന്ന് അപേക്ഷയില്‍ എഴുതി വയ്ക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ നിലവിലെ രീതിയില്‍ ഒരാള്‍ ടെസ്റ്റില്‍ തോറ്റുവെങ്കില്‍ എന്തുകൊണ്ട് തോറ്റുവെന്നും എവിടെയാണ് മാര്‍ക്ക് കുറഞ്ഞതെന്നും കൃത്യമായി മനസ്സിലാക്കാനാവും. പരീക്ഷയുടെ സുതാര്യത കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കൂടിയാണ് പുതിയ പരിഷ്‌ക്കാരം.

ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ഖുദ്ദ ഈ പുതിയ പരീക്ഷണ രീതി അംഗീകരിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷകന്റെ ഫോമില്‍ നേരിട്ട് ഫലങ്ങള്‍ രേഖപ്പെടുത്തുന്ന മുന്‍കാല രീതിയില്‍ നിന്ന് മാറി ഡ്രൈവിങ് കഴിവുകളെ കുറിച്ച് കൂടുതല്‍ സമഗ്രമായ വിലയിരുത്തല്‍ നല്‍കാനാണ് പുതുക്കിയ നടപടിക്രമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.