സ്വന്തം ലേഖകൻ: രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തില്‍ വന്‍ ഭേദഗതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നല്കി മന്ത്രിസഭയില്‍ സമര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമത്തിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ചാല്‍ കരട് നിയമം കുവൈത്ത് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് റഫര്‍ ചെയ്യും.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 70 ദിനാര്‍ പിഴ ഈടാക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഭേദഗതി. കൂടാതെ, അശ്രദ്ധമായി വാഹനമോടിച്ചാല്‍ 150 ദിനാര്‍ പിഴ ചുമത്തും. പുതിയ നിയമനിര്‍മ്മാണത്തില്‍ എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗതാഗത ലംഘനത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാറായിരിക്കും. അനധികൃത പാര്‍ക്കിങ്ങിനാണ് ഈ പിഴ.
പ്രവാസികള്‍ക്ക് ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്നുള്ള വിലക്കാണ് പുതിയ നിയമത്തിന്റെ മറ്റൊരു പ്രധാന വ്യവസ്ഥ. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് അല്‍ ഖുദ്ദ വെളിപ്പെടുത്തി. 44 വര്‍ഷത്തിനു ശേഷമാണ് കുവൈത്ത് ട്രാഫിക് നിയമത്തില്‍ കാതലായ ഭേദഗതികള്‍ വരുത്തുന്നത്. നിലവിലെ നിയമം 1979ല്‍ നിര്‍മിച്ചതാണ്. ഇതിലെ വ്യവസ്ഥകള്‍ നിയമ ലംഘനങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് പുതിയ നിയമം ഉണ്ടാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
മേജര്‍ ജനറല്‍ അല്‍ഖുദ്ദ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വാഹനാപകടങ്ങളാണ് കുവൈത്തിലെ രണ്ടാമത്തെ പ്രധാന മരണകാരണം. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആത്യന്തികമായി ജീവന് രക്ഷിക്കുന്നതിനും വേണ്ടിയാണ് കര്‍ശനമായ പിഴകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ ഖുദ്ദ പറഞ്ഞു.
കുവൈത്തില്‍ പ്രതിദിനം ശരാശരി 300 അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ്ങും ഡ്രൈവിങ്ങിനിടെയുള്ള സെല്‍ഫോണ്‍ ഉപയോഗവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള പിഴ അഞ്ച് ദിനാറില്‍ നിന്ന് 75 ദിനാറായി വർധിക്കും. കൂടാതെ, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പിഴ 10 ദിനാറായിരുന്നത് 30 ദിനാറാകും. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30ല്‍ നിന്ന് 150 ദിനാറായും ഉയരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല