1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2024

സ്വന്തം ലേഖകൻ: പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈത്ത് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ കൈവശം വയ്ക്കുന്നതായി സംശയിക്കുന്നുവെന്ന് കരുതി ആവശ്യമായ അനുമതികള്‍ നേടാതെ വാഹനം പരിശോധിക്കാനോ വ്യക്തിയുടെ ശരീരത്തില്‍ തിരച്ചില്‍ നടത്താനോ പോലിസിന് അധികാരമില്ല. ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നത് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമല്ലെന്നും സുപ്രധാന വിധിയില്‍ കുവൈത്ത് കോടതി വ്യക്തമാക്കി.

കുവൈത്ത് അതിര്‍ത്തിയിലെ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനായി സംശയിച്ചളെയും അയാളുടെ വാഹനവും തെരച്ചിലിന് വിധേയമാക്കി ഹഷീഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കണ്ടെടുത്ത കേസിലാണ് കുവൈത്ത് കോടതിയുടെ വിധി. പരിശോധനയില്‍ ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയ പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പബ്ലിക് പ്രൊസിക്യൂഷന്റെ അനുമതി നേടാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് പോലിസ് തെരച്ചില്‍ നടത്തിയതെന്നും തന്നെ അറസ്റ്റ് ചെയ്തതെന്നും കാണിച്ച് പ്രതി നല്‍കിയ പരിതായിലാണ് കോടതി വിധി. നടപടിയില്‍ നിയമലംഘനങ്ങള്‍ നടന്നതിനാല്‍ വ്യാപാരത്തിനും ഉപയോഗത്തിനുമായി മയക്കുമരുന്ന് (ഹാഷിഷ്), സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ കൈവശം വച്ചതിന് കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയെ കോടതി വെറുതെവിട്ടു.

സെക്യൂരിറ്റി ചെക്ക്പോസ്റ്റില്‍ പ്രതിയെ ഉദ്യോഗസ്ഥന്‍ തടഞ്ഞത് ശരിയാണെങ്കിലും അനുമതിയില്ലാതെ തുടര്‍നടപടികള്‍ പാടില്ലായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന കണ്ടെത്തല്‍, ട്രാഫിക് നിയമം നമ്പര്‍ 3/1982 ലെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തുടര്‍ന്നുള്ള അന്വേഷണത്തിന് അര്‍ഹതയില്ല. ട്രാഫിക്ക് പിഴ ഈടാക്കാന്‍ പോലീസുകാരന് അധികാരമുണ്ടെങ്കിലും, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മാത്രം പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിന് ന്യായീകരണമില്ല.

ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4(4) പ്രകാരം അറസ്റ്റ് ആവശ്യപ്പെടുന്ന കേസുകളില്‍ ഈ കുറ്റകൃത്യം പട്ടികപ്പെടുത്തിയിട്ടില്ല. ക്രിമിനല്‍ നടപടിക്രമങ്ങളുടെയും വിചാരണകളുടെയും നിയമത്തിലെ ആര്‍ട്ടിക്കിള്‍ 5(5)ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പ്രതികള്‍ക്ക് ബാധകമായിരുന്നില്ല. പ്രതിയോട് പേരും വിലാസവും ചോദിച്ചതായോ പ്രതി അവ നല്‍കാന്‍ വീസമ്മതിച്ചതായോ പോലീസ് ഉദ്യോഗസ്ഥന്റെ മൊഴിയില്‍ സൂചിപ്പിച്ചിട്ടില്ലെന്നും കോടതി വിശദീകരിച്ചു.

അറസ്റ്റിന്റെയും തിരച്ചിലിന്റെയും കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ച നടപടികള്‍ നിയമം അനുവദിക്കുന്നതല്ല. തല്‍ഫലമായി, പ്രതിയുടെ അറസ്റ്റും പ്രതിയുടെയും വാഹനത്തിന്റെയും പരിശോധനയും ക്രിമിനല്‍ തെളിവുകള്‍ക്കായി മൂത്രപരിശോധന നടത്തിയതും ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള നടപടികള്‍ എന്നിവ നിയമവിരുദ്ധവും അസാധുവുമായി കണക്കാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.