വാഷിംഗ്ടണ്‍: പാകിസ്താനില്‍ തീവ്രവാദികളെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കക്കാരനും ഇറ്റലിക്കാരനും കൊല്ലപ്പെട്ടതായി സിഐഎ മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാപ്പപേക്ഷയുമായി ബരാക് ഒബാമ. ഒബാമയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അല്‍ഖ്വയ്ദ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി വെച്ചിരുന്ന രണ്ടു പേരാണ് തീവ്രവാദികള്‍ക്കൊപ്പം കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലായിരുന്നു നാല് അല്‍ ഖ്വയ്ദ തീവ്രവാദികളെ ലക്ഷ്യം വെച്ച് സിഐഎ നടത്തിയ ആക്രമണത്തില്‍ രണ്ടു സിവിലിയന്മാരും കൊല്ലപ്പെട്ടത്.
തീവ്രവാദികളുടെ മരണവിവരം സ്ഥിരീകരിച്ച സിഐഎ പക്ഷെ മറ്റു രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞില്ല. ഏറെ വൈകിയാണ് ഏജന്‍സിക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. നൂറു കണക്കിന് മണിക്കൂറുകള്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയശേഷം നടത്തിയ ആക്രമണത്തില്‍ എങ്ങനെയാണ് സിവിലിയന്മാര്‍ കടന്നു കൂടിയത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
മേരിലാന്‍ഡിലെ വാരന്‍ വെയ്ന്‍സ്‌റ്റെയിന്‍ ഇറ്റലിക്കാരനായ ജിയോവനി ലൊ പൊര്‍ട്ടൊ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷ്യം വെച്ച തീവ്രവാദികള്‍ എല്ലാവരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിവിലിയന്‍സിന് ജീവനാശം സംഭവിച്ചിട്ടില്ലെന്നുമായിരുന്നു സിഐഎ നല്‍കിയിരുന്ന റിപ്പോര്‍ട്ട്.
പ്രസിഡന്റ് എന്ന നിലയിലും കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലും വാരനും ജിയോവനിയും കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള എല്ലാ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബരാക് ഒബാമ പറഞ്ഞു. സംഭവിച്ച കാര്യത്തില്‍ എനിക്ക് ഖേദമുണ്ട്. യുഎസ് സര്‍ക്കാരിനു വേണ്ടി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് മാപ്പു ചോദിക്കുന്നുവെന്നും ഒബാമ പറഞ്ഞു. വെയ്ന്‍സ്റ്റെയിന്റെ ഭാര്യയുമായും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചെന്നും ഒബാമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല