സ്വന്തം ലേഖകന്‍: ആശങ്ക പരത്തി അജ്ഞാത ഡ്രോണുകള്‍; ബ്രിട്ടീഷ് വിമാനത്താവളം അടച്ചു; വലഞ്ഞത് ഒരു ലക്ഷത്തോളം വിമാന യാത്രക്കാര്‍. റണ്‍വേയ്ക്കു സമീപം രണ്ടു ഡ്രോണുകള്‍ പറന്നതിനെത്തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. 760 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 1,10,000 യാത്രക്കാരെ ഇതു ബാധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച രാത്രിയാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് ഡ്രോണുകള്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു റണ്‍വേ അടച്ചു. പുലര്‍ച്ചെ തുറന്നെങ്കിലും വീണ്ടും ഡ്രോണ്‍ കാണപ്പെട്ടതിനെത്തുടര്‍ന്നു വിമാനത്താവളം അടയ്ക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ആരോ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇതു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്നു സസക്‌സ് പോലീസ് പറഞ്ഞു. ആരാണ് ഡ്രോണുകള്‍ പറത്തുന്നതെന്നു കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാവാന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്നാണു സൂചന. ബ്രിട്ടനില്‍ വിമാനത്താവളങ്ങളോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല