സ്വന്തം ലേഖകൻ: അടുത്തിടെ കമ്പ്യൂട്ടര്‍ സിസ്റ്റം ഹാക്ക് ചെയ്യപ്പെടുക വഴി വാര്‍ത്തകളില്‍ നിറഞ്ഞ ഗൈസ്, സെയിന്റ് തോമസ് ഹോസ്പിറ്റലുകളില്‍ തീയറ്റര്‍ നഴ്സുമാര്‍ സമരത്തിനിറങ്ങുകയാണെന്ന് യുണൈറ്റ് യൂണിയന്‍ പ്രഖ്യാപിച്ചു. ഷിഫ്റ്റ് സമയം നീട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. ഡേ സര്‍ജറി തീയറ്റര്‍മാരില്‍ അന്‍പതോളം പേരാണ് ജൂണ്‍ 27 നും ജൂലായ് രണ്ടിനും സമരത്തിനിറങ്ങുന്നത്. അവരുടെ ഷിഫ്റ്റ് സമയം വൈകിട്ട് എട്ടു മണി വരെ എന്നത് ഒന്‍പതു മണി വരെ ആക്കിയതിനെതിരെയാണ് സമരം.
എന്‍ എച്ച് എസ്സ് എത്രമാത്രം സമ്മര്‍ദ്ദത്തിലാണെന്ന് അറിയാമെന്ന് പറഞ്ഞ യുണൈറ്റ് ജനറല്‍ സെക്രട്ടരി ഷാരോണ്‍ ഗ്രഹാം പക്ഷെ ജീവനക്കാരുടെ മുതുകൊടിക്കുന്നതല്ല അതിന് പരിഹാരം എന്നും പറഞ്ഞു. ഇപ്പോള്‍ തന്നെ ജീവനക്കാര്‍ അമിത ജോലിഭാരം കൊണ്ട് കഷ്ടപ്പെടുകയാണെന്നും, ക്ഷീണിതരായ ജീവനക്കാരുടെ ജോലി സമയം നീട്ടുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും യൂണിയന്‍ പറയുന്നു. നേരത്തെ ഏഴ് മണിവരെ ഉണ്ടായിരുന്ന ഷിഫ്റ്റാണ് എട്ടു മണി വരെ നീട്ടിയത്. അതാണ് ഇപ്പോള്‍ ഒന്‍പത് മണിവരെ ആക്കാന്‍ ശ്രമിക്കുന്നത്. മാത്രമല്ല, തീയറ്ററിലെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിനായി ശനിയാഴ്ചകളിലും തീയേറ്റര്‍ നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്.
തങ്ങളുടെ ആശങ്കകളും രോഗികളുടെ സുരക്ഷയും അവഗണിക്കുന്ന മാനേജ്‌മെന്റിന്റെ നടപടികള്‍ക്ക് എതിരെയാണ് സമരമെന്ന് ഒരു നഴ്സ് പറഞ്ഞു. നില ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും, തങ്ങളെയും രോഗികളെയും സംരക്ഷിക്കാന്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നുമുള്ള സാഹചര്യം ഉടലെടുത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
യുകെയില്‍ ആകമാനമായി, ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് 7.57 മില്യണ്‍ ആളുകളാണ് എന്‍ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളത്. അതില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്. ഗൈസ്, സെയിന്റ് തോമസ് ആശുപത്രികളിലെ തീയറ്റര്‍ നഴ്സുമാര്‍ ഇപ്പോള്‍ തന്നെ അവരുടെ ഷിഫ്റ്റ് കഴിഞ്ഞ ശേഷവും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. അതിനിടയിലെ ഷിഫ്റ്റ് സമയം നീട്ടുന്ന നടപടി അവരെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചിരിക്കുകയാണെന്നും ഗ്രഹാം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല