സ്വന്തം ലേഖകൻ: കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലെ അദ്ധ്യാപകരും ജോലി ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കൂടുതല്‍ ശമ്പളവും കുറഞ്ഞ സമ്മര്‍ദ്ദവും മെച്ചപ്പെട്ട ജീവിത നിലവാരവുമൊക്കെയാണ് ബ്രിട്ടീഷ് അദ്ധ്യാപകരെ വിദേശങ്ങളിലേക്ക് നയിക്കുന്നത്. ഇതോടെ ആരോഗ്യ രംഗത്തിനു പുറമെ വിദ്യാഭ്യാസ രംഗത്തും കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴിയൊരുങ്ങുകയാണ്.
അദ്ധ്യാപകരുടെ ഒഴിവുകള്‍ എക്കാലത്തെയും റെക്കോര്‍ഡ് നിലയില്‍ എത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അദ്ധ്യാപന ജോലിക്കായി എത്തുന്നവരുടെ എണ്ണം തീരെ കുറവും. ഈ സാഹചര്യം മുതലെടുക്കുന്നത് റിക്രൂട്ടിംഗ് കമ്പനികളാണ്. ആവശ്യത്തിന് യോഗ്യതയില്ലാത്തവരെ സപ്ലൈ ടീച്ചെഴ്‌സ് ആയും, കവര്‍ സൂപ്പര്‍വൈസര്‍ ആയും ക്ലാസ്സ് റൂമുകളിലേക്ക് അയയ്ക്കുകയാണ് ഏജന്‍സികള്‍. സാധാരണ അദ്ധ്യാപകര്‍ക്ക് കൊടുക്കുന്നതിലും കുറവ് വേതനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക. ഇടനിലക്കാരായ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കാണ് ഇതുവഴി കൊള്ളലാഭം ഉണ്ടാവുക.
ബ്രിട്ടീഷ് സ്‌കൂളുകളില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ, കൂടിയ ശമ്പളത്തിന് ജോലി ചെയ്യാന്‍ കഴിയും എന്ന് വന്നതോടെ അദ്ധ്യാപകര്‍ കൂട്ടത്തോടെ ദുബായ്, ആസ്‌ട്രേലിയ, വിദൂര പൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത്തരത്തില്‍ വിദേശത്തേക്ക് ചേക്കേറിയ ബ്രിട്ടീഷ് അദ്ധ്യാപകരുടെ അടിപൊളി ജീവിതത്തിന്റെ ചിത്രങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഒരു അദ്ധ്യാപകന്റെ ശമ്പളം കൊണ്ട് ബ്രിട്ടനില്‍ നേടാന്‍ കഴിയാത്തത് പലതും വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്യുന്ന ഇത്തരം രാജ്യങ്ങളില്‍ ചെയ്യാന്‍ ആകും എന്നതാണ് പലരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കേവലം പണം മാത്രമല്ല, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഇവരെ വിദേശങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. വാരാന്ത്യങ്ങളില്‍, കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാന്‍ കഴിയുന്നു എന്നാണ് യു എ ഇയില്‍ അദ്ധ്യാപികയായ ഒരു ബ്രിട്ടീഷുകാരി സമൂഹമാധ്യമങ്ങളില്‍ പറഞ്ഞത്. ബ്രിട്ടനിലെ സ്റ്റേറ്റ് സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ശമ്പളം അതിനൊന്നും തികഞ്ഞിരുന്നില്ല എന്നും അവര്‍ പറയുന്നു. മാത്രമല്ല, ഇവര്‍ പഠിപ്പിക്കുന്ന അതേ സ്വകാര്യ സ്‌കൂളില്‍ തന്നെ മക്കളെ പഠിപ്പിക്കുകയും ചെയ്യാം. ബ്രിട്ടനില്‍ അതൊക്കെ സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന കാര്യങ്ങളാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
യു കെയില്‍ ലഭിച്ചിരുന്നതിന്റെ ഇരട്ടിയോളം തുകയാണ് പലര്‍ക്കും യു എ ഇയില്‍ ശമ്പളമായി ലഭിക്കുന്നത്. മാത്രമല്ല, നികുതി നല്‍കേണ്ടതുമില്ല. പല സ്‌കൂളുകളും വാടകയില്ലാത്ത താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന യു കെയിലെ ദുസ്സഹമായ ജീവിതത്തില്‍ നിന്നും ഒരു രക്ഷപ്പെടലായിട്ടാണ് മിക്കവരും ഈകുടിയേറ്റത്തെ കാണുന്നത്. മാത്രമല്ല, യു എ ഇ പോലുള്ള രാജ്യങ്ങളില്‍ അദ്ധ്യാപകവൃത്തി ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു തൊഴില്‍ കൂടിയാണെന്നതും ഇവിടേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല